ankeet

ന്യൂഡൽഹി: ശ്രീശാന്തിനൊപ്പം ക്രിക്കറ്റ് ഒത്തുകളിക്ക് പിടിയിലായ അങ്കീത് ചവാന്റെ വിലക്ക് ഏഴു വർഷത്തേക്കായി കുറച്ച് ഉത്തരവിറങ്ങി. ഇതോടെ താരത്തിന് ഇനി മത്സരരംഗത്തേക്ക് മടങ്ങി വരാൻ സാധിക്കും. ആജീവനാന്തകാലത്തേക്കായിരുന്നു ആദ്യം ബി സി സി ഐ ഇവർക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. ശ്രീശാന്തിനെയും അങ്കീതിനെയും കൂടാതെ അജിത് ചന്ദേലയ്ക്കും ബി സി സി ഐ വിലക്ക് നൽകിയിരുന്നു. പിടിക്കപ്പെടുമ്പോൾ മൂവരും രാജസ്ഥാൻ റോയൽസിന്റെ താരങ്ങളായിരുന്നു.

കഴിഞ്ഞ സെപ്തംബറിൽ ശ്രീശാന്തിന്റെ വിലക്കും ഏഴു വർഷമായി കുറച്ചിരുന്നു. കഴിഞ്ഞ വർഷം തന്നെ വിലക്ക് കുറച്ചതിനാൽ ശ്രീശാന്ത് സയിദ് മുഷ്ത്താഖ് ട്രോഫിയിൽ കേരളത്തിനു വേണ്ടി മത്സരിച്ച് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വന്നിരുന്നു. അങ്കീതിന്റെയും വിലക്ക് ഏതാണ്ട് ഇതേ സമയത്ത് തന്നെ കുറച്ചിരുന്നെങ്കിലും ഉത്തരവ് കൈയിൽ കിട്ടിയിരുന്നില്ല. ഉത്തരവിനു വേണ്ടി അങ്കീതിന് മുംബയ് ക്രിക്കറ്റ് അസോസിയേഷനിൽ കത്ത് വരെ അയക്കേണ്ടി വന്നിരുന്നു.

"ശ്രീശാന്തിനും എനിക്കും ഏഴ് വർഷത്തെ ഇളവ് തന്നെയാണ് ലഭിച്ചത്. എന്നാൽ ശ്രീശാന്തിന്റെ ഉത്തരവ് വളരെ മുമ്പ് തന്നെ ഇറങ്ങിയിരുന്നു. എനിക്ക് ഉത്തരവിന്റെ പകർപ്പിന് വേണ്ടി ബി സി സി ഐക്കും മുംബയ് ക്രിക്കറ്റ് അസോസിയേഷനും കത്ത് എഴുതേണ്ടി വന്നു," അങ്കീത് മാദ്ധ്യമങ്ങളോടായി പറഞ്ഞു.