ന്യൂഡൽഹി: യു.പി പൊലീസ് തനിക്കെതിരെ ചുമത്തിയ കേസ് വ്യാജമാണെന്ന പ്രതികരണവുമായി മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. തനിക്ക് ഭരണഘടനയിൽ വിശ്വാസമുണ്ട്. നീതിവേണം തനിക്ക്. എന്നാൽ ഇപ്പോൾ നീതി ലഭിക്കാൻ വൈകുന്നു ഇത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും കാപ്പണ മഥുര കോടതിയിൽ നിന്ന് ജയിലിലേക്ക് പോകുംവഴി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കാപ്പനെതിരെ ചുമത്തിയ യു.എ.പി.എ, രാജ്യദ്രോഹ കുറ്റങ്ങൾ കോടതി ഒഴിവാക്കിയില്ല. എന്നാൽ സമാധാനം തകർക്കാൻ ശ്രമിച്ചു എന്ന പേരിൽ ചുമത്തിയ വകുപ്പ് കോടതി റദ്ദാക്കി. ഇന്നത്തെ കോടതി നടപടി വരുംദിവസങ്ങളിൽ സഹായകരമാകുമെന്നാണ് കാപ്പന്റെ അഭിഭാഷകർ കരുതുന്നത്.
ഹത്രസിൽ പെൺകുട്ടി കൂട്ടബലാൽസംഗത്തെ തുടർന്ന് മരണമടഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ കാപ്പനെ ഒക്‌ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് കസ്‌റ്റഡിയിലെടുത്ത വകുപ്പാണ് ഇന്ന് കോടതി റദ്ദാക്കിയത്.