നമ്മൾ കഴിക്കുന്ന ഓരോതരം ആഹാരത്തിനും ഔഷധഗുണം കൂടിയുണ്ട്. അതുകൊണ്ടാണ് രോഗങ്ങളെ ചെറുക്കാൻ കൂടി അവ പ്രയോജനപ്പെടുന്നത്. യാതൊരുവിധ ഔഷധ ഗുണവുമില്ലാത്തവയും നമ്മൾ പ്രത്യേകിച്ച്, കുട്ടികൾ ഉപയോഗിച്ചു വരുന്നു. അതുകൊണ്ടാണ് നിരവധി രോഗങ്ങൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ ആഹാരവും ഗുണങ്ങളറിഞ്ഞ് ഉൾപ്പെടുത്തുവാനും ദോഷങ്ങളറിഞ്ഞ് ഒഴിവാക്കാനും പ്രത്യേക താല്പര്യം കാണിക്കേണ്ടതാണ്.
ധാന്യങ്ങളിൽ ഏറ്റവും പ്രധാനമായി കേരളീയർ ഉപയോഗിക്കുന്നത് അരിയും ഗോതമ്പും മാത്രമാണ്. എന്നാൽ കൂവരക്, ചോളം, തിനയരി,ചാമയരി തുടങ്ങിയവ വളരെ നല്ല ആഹാര വസ്തുക്കളാണ്. ഏറ്റവും അധികം കാൽസ്യം നൽകുന്നതും അസ്ഥികൾക്ക് ബലം നൽകുന്നതും പ്രമേഹം, പൊണ്ണത്തടി എന്നിവയെ ശമിപ്പിക്കുന്നതുമാണ്.
പയർവർഗ്ഗങ്ങളിൽ ഏറ്റവും നല്ലത് ചെറുപയർ തന്നെയാണ്. ആവശ്യത്തിന് പോഷണവും ശരീരബലവും രോഗപ്രതിരോധശേഷിയും നൽകും. അച്ചിങ്ങപ്പയർ എളുപ്പം ദഹിക്കുന്നവയാണ്. മുതിര അമിതവണ്ണമുള്ളവർക്ക് ഏറെ പ്രയോജനകരമാണ്.സോയാബീൻ സ്ത്രീരോഗങ്ങൾക്ക് ഉത്തമം.ചീനിഅമരപ്പയർ ശരീരബലം നൽകുന്നതിനൊപ്പം പ്രമേഹരോഗികൾക്കും നല്ലത്.
കാച്ചിൽ, ചേമ്പ് എന്നിവ സ്ത്രൈണ ഹോർമോണുകൾ ഉദ്ദീപിപ്പിക്കുന്നതിന് നല്ലതാണ്. ചേന അർശസിന് വളരെ ഭേദമുണ്ടാക്കും.മലശോധന വർദ്ധിപ്പിക്കും. മുട്ട ശരീരബലം വർദ്ധിപ്പിക്കും. മാംസപേശികളുടെ ദൃഢത വർദ്ധിക്കും. അസ്ഥി ബലം കൂടും.താറാമുട്ട ദഹനപ്രശ്നങ്ങളകറ്റും.
അർശസിനെ കുറയ്ക്കും. കൊളസ്ട്രോളുള്ളവർക്ക് കാട മുട്ട നല്ലത്.ഏത് മുട്ടയായാലും മുടി കൊഴിച്ചിൽ കുറയ്ക്കും.
ശരീരത്തെ തണുപ്പിക്കുവാൻ കരിക്കിൻ വെള്ളവും പനംനൊങ്കും നല്ലത്. ചൂടാക്കാൻ ചുക്ക്, ജീരകം, അയമോദകം, കരിഞ്ചീരകം എന്നിവ നല്ലത്.
ദഹനത്തിന് നല്ലത്കുമ്പളങ്ങ
വള്ളിയിൽ കായ്ക്കുന്ന ഫലങ്ങളിൽ വച്ച് ഏറ്റവും നല്ലത് കുമ്പളങ്ങയാണ്. കുമ്പളങ്ങ ഹൃദ്രോഗത്തിനും ദഹനത്തിനും നല്ലത്.
അത്പോലെ മത്തങ്ങയും മത്തങ്ങയുടെ വിത്തും ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും നല്ലത്. ചുണ്ടയ്ക്ക ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവ മാറ്റുന്നതിന് നല്ലത്. ചക്ക ദഹനത്തിനും മലശോധനയ്ക്കും പോഷണത്തിനും നല്ലത്. പച്ചചക്ക പ്രമേഹത്തിൽ ഗുണകരം.
മാങ്ങ രുചിയും പോഷണവുമുണ്ടാക്കുന്നതും വിളർച്ചയെ തടയുന്നതുമാണ്. പപ്പായ ദഹനത്തിനും കുരു ഉൾപ്പെടെ കഴിച്ചാൽ കൃമി രോഗങ്ങളകറ്റാനും നല്ലത്.
മുറിവുണക്കാൻ വെളിച്ചെണ്ണ
കുട്ടികൾക്കും പ്രായമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഘൃതം അഥവാ നെയ്യ്. നെയ്യ് ചേർത്തുള്ള ആഹാരങ്ങൾ ദഹനശക്തി, ശരീരബലം, ഓർമ്മശക്തി, രോഗപ്രതിരോധം എന്നിവയ്ക്ക് അത്യുത്തമം. എണ്ണയുടെ ഉപയോഗത്തിന് ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയോ ഉരുക്ക് വെളിച്ചെണ്ണയോ ആണ് ഉപയോഗിക്കേണ്ടത്. മുറിവ് ഉണക്കുന്നതിന് ഏറ്റവും ശ്രേഷ്ഠമാണ് വെളിച്ചെണ്ണ. ശരീരത്തിന് പുറത്തുള്ള മുറിവുകളും വ്രണങ്ങളും, കുടലിനുള്ളിലും വായ്ക്കുള്ളിലുമുള്ള വ്രണങ്ങളും ഉണ്ടാക്കാൻ വെളിച്ചെണ്ണ വിശേഷപ്പെട്ടതാണ്. ശരീരം മെലിഞ്ഞ കുട്ടികൾക്ക് തവിടുള്ള അരി കൊണ്ടുള്ള ചോറും വെളിച്ചെണ്ണയും അൽപം ഉപ്പും ചേർത്ത് കൊടുത്താൽ പോഷണം ലഭിക്കും.
രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനും ഊർജ്ജസ്വലത ലഭിക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും നെല്ലിക്ക നല്ലത്. പച്ചയായും പാകപ്പെടുത്തിയും കഴിക്കാം. അച്ചാറിന് ഗുണം കിട്ടണമെന്നില്ല. തേൻ ചേർത്ത് ഉപയോഗിക്കുന്നതും നല്ലത്.
ശരീരത്തിന്റെ വണ്ണം കൂട്ടണമെന്നുള്ളവർക്കും മലശോധന വർദ്ധിപ്പിക്കണമെന്ന് ആവശ്യമുള്ളവർക്കും കിഴങ്ങുവർഗ്ഗങ്ങൾ നല്ലതാണ്.
പടവലങ്ങ ഹൃദയാരോഗ്യത്തിന് നല്ലത്. അത്തിപ്പഴം സ്ത്രീ രോഗത്തിനും ആർത്തവ വേദന കുറയ്ക്കുന്നതിനും നല്ലതാണ്. ഈത്തപ്പഴം വണ്ണം കൂട്ടുന്നതിനും വിളർച്ച കുറയ്ക്കുന്നതിനും ദഹനത്തിനും നല്ലത്.
വെള്ളരി ശരീരോഷ്മാവും അസിഡിറ്റിയും കുറയ്ക്കാൻ നല്ലത്.
കാരറ്റ് വിളർച്ച മാറുന്നതിനും മലബന്ധം കുറയ്ക്കുന്നതിനും നല്ലത്. വെണ്ടയ്ക്ക ശരീരത്തിന് ബലം നൽകും. ജലദോഷമകറ്റും. കോവയ്ക്ക പ്രമേഹരോഗികൾക്ക് നല്ലത്.
പാവയ്ക്ക രക്തശുദ്ധിക്കും ത്വക് രോഗങ്ങൾ അകറ്റുന്നതിനും പ്രമേഹത്തിനും നല്ലത്. ചൂടുവെള്ളം കുടിച്ചാൽ ആഹാരം വേഗത്തിൽ ദഹിക്കും. പ്രത്യേകിച്ചും ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന ആഹാരങ്ങൾക്കൊപ്പം അൽപാല്പം ചൂടുവെള്ളം കുടിക്കണം.
മുരിങ്ങയില രക്തസമ്മർദ്ദം കുറയ്ക്കും
കറിവേപ്പിലയുടെ വിഷഹര സ്വഭാവം മഞ്ഞൾ പോലെ പ്രസിദ്ധമാണ്. കറിവേപ്പില പോലെ... എന്ന് പറയുമെങ്കിലും അരച്ചുരുട്ടിയോ മോരിൽ ചേർത്തോ ജ്യൂസാക്കിയോ കഴിച്ചാൽ പ്രമേഹവും കൊളസ്ട്രോളും കുറയും. മുരിങ്ങയില രക്തസമ്മർദ്ദം കുറയ്ക്കും. വിളർച്ച രോഗം ഒഴിവാക്കും. വിളർച്ച രോഗത്തിന് മുരിങ്ങയില കൂടുതൽ ചേർത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിക്കാവുന്നതാണ്. മാതളം രക്ത സംബന്ധമായ രോഗങ്ങളും വിളർച്ചയും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കവും കുറയ്ക്കും. പഴുക്കാത്ത തക്കാളി ശരീരബലം വർദ്ധിപ്പിക്കും. കരിക്കിൻവെള്ളം ശരീരം തണുപ്പിക്കും. മൂത്ര രോഗങ്ങൾ അകറ്റും. മൂത്രത്തിലെ അണുബാധ കുറയ്ക്കുവാൻ കരിക്കിൻവെള്ളത്തിൽ ഏലത്തരി ചേർത്ത് കുടിക്കാവുന്നതാണ്.