തിരുവനന്തപുരം: ഔഷധസസ്യമെന്ന പേരിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വൃദ്ധൻ വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറും സംഘവും അറസ്റ്റ്ചെയ്തു. പനവൂർ ജംഗ്ഷന് സമീപം തവരക്കുഴി എസ്റ്റേറ്റിൽ ഐവിൻ ജയ്സൺ ജോണിന്റെ ഉടമസ്ഥതയിലുള്ള തവരക്കാട് ഹൗസിന് സമീപം നട്ടുവളർത്തിയ കഞ്ചാവ് ചെടികളാണ് വാമനപുരം എക്സൈസ് കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കാട്ടാക്കട പന്നിയോട് മണക്കാകോണം സ്വദേശി ഫ്രാൻസിസിനെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന പ്രതി വിത്ത് പാകിയാണ് ചെടികൾ നട്ടുവളർത്തിയത്. ഏകദേശം 9 മാസം പ്രായമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വീടിന്റെ ഉടമയായ ഐവിൻ ജയ്സൺ ജോണിനോട് ശിവമൗലി എന്ന ഔഷധ ചെടിയാണ് നട്ടുവളർത്തുന്നത് എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഒമ്പതു മാസം പ്രായവും ഒന്നര ആൾ പൊക്കവുമുള്ള ചെടികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. താൻ നിരപരാധിയാണെന്ന് കെട്ടിട ഉടമ വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. വാമനപുരം എക്സൈസ് റേഞ്ച് പരിധിയിൽ കഴിഞ്ഞ ഒരു മാസക്കാലയളവിനുള്ളിൽ കഞ്ചാവ് ചെടി നട്ടു പരിപാലിച്ച രണ്ടാമത്തെ കേസാണിത്. എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർമാരായ മനോജ് കുമാർ,ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സജീവ്കുമാർ, അൻസർ വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.