എറണാകുളം: മരംമുറിക്കൽ വിവാദത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന് വീരപ്പൻ പുരസ്കാരം സമ്മാനിച്ച് എൻ.സി.കെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. രണ്ടാം പിണറായി സർക്കാരിലെ ഏറ്റവും മികച്ച അഴിമതി മന്ത്രിക്കുള്ള അവാർഡ് പ്രതിഷേധക്കാർ പ്രതീകാത്മകമായി ശശീന്ദ്രന് നൽകുകയായിരുന്നു. എറണാകുളം പാലാരിവട്ടം ഫോറെസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരത്തിലായിരുന്നു പ്രതീകാത്മകമായി പുരസ്കാരം സമ്മാനിച്ചത്.
കേരള സംസ്ഥാനം രൂപം കൊണ്ട ശേഷമുണ്ടായ ഏറ്റവും ആസൂത്രിതവും സംഘടിതവുമായ വനം കൊള്ളയാണ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നതെന്ന് എൻ.സി.കെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം അഭിപ്രായപ്പെട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ ന്യായികരിച്ചു മന്ത്രി അവശനായി മാറിയിരിക്കുകയാണ്. ഈ കൊള്ളക്ക് പിന്നിൽ മുൻ ഗതാഗത വകുപ്പ് മന്ത്രിയുടെയും ഒത്താശയും പിന്തുണയും ഉണ്ടായിരുന്നു. വനം കൊള്ളക്ക് ചുക്കാൻ പിടിച്ചവരും നിരവധി തട്ടിപ്പ് കേസിലെ പ്രതികളുമായ മംഗോ ഫോൺ ഉടമകളുമായ അടച്ചിട്ട മുറിയിൽ ചർച്ച ചെയ്തത് എന്തിനെന്ന് ഇപ്പോഴത്തെ വനം വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.