
സെന്റ് പീറ്റേഴ്സ്ബർഗ്:ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഡെൻമാർക്കിനെ അട്ടിമറിച്ചെത്തിയ ഫിൻലൻഡിനെ ഏകപക്ഷീയമായ ഒരുഗോളിന് റഷ്യ വീഴ്ത്തി . ആദ്യ മത്സരത്തിൽ ബൽജിയത്തോട് തോറ്റ റഷ്യ ഈ മത്സരത്തിലും തോറ്റിരുന്നെങ്കിൽ ടൂർണമെന്റിൽ നിന്ന് ഏറെക്കുറെ പുറത്തേക്കുള്ള വഴിതെളിഞ്ഞേനെ. അലക്സി മിറാൻചുക്കാണ് റഷ്യയുടെ സ്കോറർ.  ജയത്തോടെ റഷ്യ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.
കളിയുടെ മൂന്നാം മിനിട്ടിൽത്തന്നെ പൊഹാൻപോക് റഷ്യൻ വലകുലുക്കിയെങ്കിലും ഓഫ്സൈഡായിരുന്നു.
 ആദ്യ പകുതിയുടെ അധികസമയത്താണ് റഷ്യ വിജയഗോൾ നേടിയത്. മികച്ച പാസിംഗിന് അവസാനം മിരാൻചുക്കിന്റെ തകർപ്പൻ ഫിനിഷിൽ പിറന്ന ഗോൾ ടീം ഗോൾ ആണെന്ന് തന്നെ പറയാം.
ഫെർണാണ്ടസ് 
ആശുപത്രിയിൽ
ആദ്യപകുതിയിൽ പെനാൽറ്റി ബോക്സിലേക്ക് വന്ന ഒരു പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ റഷ്യയുടെ മരിയോ ഫെർണാണ്ടസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നട്ടെല്ലിന് പ്രശ്നമില്ലെന്നും ചികിത്സകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും  റഷ്യൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.