തിരുവനന്തപുരം: ആർ സി സിയിലെ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു. കുണ്ടയം ചരുവിള വീട്ടിൽ നദീറയാണ് (22) മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മേയ് 15നായിരുന്നു അപകടം. ലിഫ്റ്റ് തകരാറിലാണെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.
ആർ സി സിയിൽ ചികിത്സയിലായിരുന്ന അമ്മ നസീമയെ പരിചരിക്കാനെത്തിയ നദീറ ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചപ്പോഴാണ് വീണത്. ഇവർ രണ്ട് മണിക്കൂറോളം അവിടെ തന്നെ കുടുങ്ങിക്കിടന്നു. സുരക്ഷാ ജീവനക്കാരാണ് ചലിക്കാനാവാതെ കിടന്ന നദീറയെ കണ്ടെത്തിയത്.
അപായ സൂചന നൽകാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ നേരത്തെ കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ ആശുപത്രി അധികൃതർ പുറത്താക്കിയിരുന്നു.