maradona

സാൻ ഇസിദ്രോ: അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ, അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുടെ ചികിത്സാപിഴവുകൾ മൂലമാണ് മരണമടഞ്ഞതെന്ന് മറഡോണയെ ശുശ്രൂഷിച്ച നഴ്സിന്റെ വക്കീൽ. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നഴ്സ് ദഹിയാന ജിസെൽ മാഡ്രിഡിന്റെ അഭിഭാഷകനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ മാഡ്രിഡിനെ ചോദ്യം ചെയ്തതിനു ശേഷം മാദ്ധ്യമപ്രവർത്തകരോടായി സംസാരിക്കുകയായിരുന്നു അഭിഭാഷകൻ. മറ‌‌ഡോണയുടെ മരണവുമായി അന്വേഷണം നേരിടുന്ന ഏഴു പേരിൽ ഒരാളാണ് മാഡ്രിഡ്.

തലച്ചോറിലെ ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലായിരുന്ന സമയത്ത് മറഡോണയെ ചികിത്സിച്ച ഡോക്ടർമാരുടെ അനാസ്ഥയാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമെന്നും മാഡ്രിഡ് ഈ കാര്യത്തിൽ നിരപരാധിയാണെന്നും അഭിഭാഷകൻ അറിയിച്ചു. അവർ (ഡോക്ടർമാർ) അദ്ദേഹത്തെ കൊന്നു എന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തു വന്ന അഭിഭാഷകൻ പറ‌ഞ്ഞു. മറഡോണയെ പകൽ സമത്ത് ചികിത്സിച്ച നഴ്സ് ആയിരുന്നു മാഡ്രിഡ്. മാത്രമല്ല മറഡോണ മരിക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്നവരിൽ ഒരാൾ കൂടിയാണ്.

മറഡോണയുടെ അഞ്ചു മക്കളിൽ രണ്ടു പേരാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ലിയോപോൾഡെ ലിക്വെയ്ക്കെതിരെ കേസ് നൽകിയത്. അർജന്റീനിയയുടെ പബ്ളിക്ക് പ്രോസിക്യൂട്ടർ ഏർപ്പെടുത്തിയ 20 അംഗ ‌ഡോക്ടർമാരുടെ പാനൽ മറഡോണയുടെ ചികിത്സയിൽ അലംഭാവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തെ മരണത്തിനു വിട്ടു നൽകുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.