ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്കിൽ ഇന്നും കുറവ് രേഖപ്പെടുത്തി. 67,208 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. 2330 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 1,03,570 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 2.97 കോടിയായി. രോഗമുക്തി നേടിയത് 2.84 കോടി പേരാണ്. ആകെ രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 3.48 ആയി കുറഞ്ഞിട്ടുണ്ട്. തുടർച്ചയായി പത്താംദിവസവും നിരക്ക് അഞ്ചിൽ താഴെയായത് ശുഭ സൂചനയായാണ് ആരോഗ്യമന്ത്രാലയം കണക്കാക്കുന്നത്.
വിവിധ സംസ്ഥാനങ്ങളുടെ കണക്ക് നോക്കിയാൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം രോഗം റിപ്പോർട്ട് ചെയ്‌തത് കേരളത്തിലാണ്-13270. പിന്നിലായി തമിഴ്‌നാട് (10,448), മഹാരാഷ്‌ട്ര (10,107), കർണാടക (7345), ആന്ധ്രാ പ്രദേശ് (6617) എന്നിവയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്‌തത് 212 പുതിയ കേസുകളാണ്.
മരണനിരക്കിൽ മുന്നിൽ മഹാരാഷ്‌ട്രയാണ്-1236. പിന്നിൽ തമിഴ്‌നാടാണ്-270. കഴിഞ്ഞ 24 മണിക്കൂറിനിടെ 34.63 ലക്ഷം ഡോസ് വാക്‌സിൻ നൽകി. ഇതോടെ രാജ്യത്ത് ആകെ വാക്‌സിൻ ലഭിച്ചവരുടെ എണ്ണം 26.55 കോടിയായി.