കഴിഞ്ഞൊരു ദിവസം അയിഷ സുൽത്താന പറഞ്ഞു: 'നോക്കൂ, ഇന്ത്യയിൽ കുറ്റകൃത്യങ്ങളേറ്റവും കുറവുള്ള പ്രദേശമാണ് എന്റെ ലക്ഷദ്വീപ്. ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളും ജയിലുകളും എത്രയോ കാലമായി ശൂന്യമാണ്. നാളിതുവരെയുള്ള ദ്വീപിന്റെ ചരിത്രത്തിൽ മൂന്ന് അസാധാരണമരണങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ രണ്ടു കേസ്സുകളും മാനസിക രോഗാവസ്ഥയിൽ സംഭവിച്ച കൈപ്പിഴവുകളാണുതാനും. മദ്യവും മയക്കുമരുന്നുമൊന്നും ദ്വീപിൽ ലഭ്യമല്ല. അതിനാൽ അതിന്റെ പേരിലുള്ള കലഹങ്ങൾ ഇവിടെ കേട്ടുകേൾവി ഇല്ലാത്തതാണ്. മോഷണവും പിടിച്ചുപറിയും ദ്വീപിൽ പൊതുവെ ഇല്ലെന്നു തന്നെ പറയാം. എന്നിട്ടും വ്യാജകഥകൾ പ്രചരിപ്പിച്ച് ദ്വീപിനെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്."
അയിഷ പിന്നെയും കുറേ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ആ വാക്കുകളിൽ നിറഞ്ഞുനിന്നത് സത്യത്തിന്റെ തെളിമയും പോരാളിയുടെ വീര്യവും. അയിഷയുടെ ശബ്ദം ദ്വീപിൽ ഒറ്റപ്പെട്ടതല്ലെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു. വെറും 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ലക്ഷദ്വീപ് എന്ന കേന്ദ്രഭരണപ്രദേശത്ത് ആകെയുള്ള അറുപത്തയ്യായിരത്തിൽ താഴെ മാത്രം വരുന്ന ജനങ്ങളുടെ കൂട്ടായ ശബ്ദമാണിത്. 2020 ഡിസംബറിൽ കേന്ദ്രസർക്കാർ നിയോഗിച്ച പ്രഫുൽ ഖോഡ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളിൽ വീർപ്പുമുട്ടുകയാണിപ്പോൾ ദ്വീപ് ജനത. പരമ്പരാഗത മത്സ്യബന്ധന ജീവിതത്തിൽ ഏർപ്പെട്ടിരിക്കുന്ന അവരുടെ ആവാസവ്യവസ്ഥകളൊക്കെ താറുമാറാക്കപ്പെട്ടു. കടലോരത്തെ ചെറുകുടിലുകളും ബോട്ടുകളും ഉപകരണങ്ങളും ഷെഡുകളുമൊക്കെ തകർത്തുതരിപ്പണമാക്കിയിരിക്കുന്നു. സ്വതവേ കാൽനട - സൈക്കിൾ യാത്രികർ മാത്രമുള്ള ദ്വീപിൽ ഏഴുമീറ്റർ വീതിയിൽ റോഡു വികസനം നടത്താൻ പോവുകയാണത്രെ! വിചിത്രമായ ചില നിയമങ്ങളിലൂടെ, ജനിച്ചു ജീവിക്കുന്ന മണ്ണും അവർക്ക് നഷ്ടപ്പെടുകയാണ്. ടൂറിസം വികസനത്തിന്റെ പേരിലുള്ള വ്യാപാരലക്ഷ്യമാണതിനു പിറകിലെന്ന് ആർക്കും മനസിലാവും. അവിടെയിപ്പോൾ മദ്യത്തിനും അനുമതി നൽകിക്കഴിഞ്ഞു...!
ഒന്നാം തരംഗത്തിൽ ഒരു കൊവിഡ് കേസുപോലുമില്ലാതിരുന്ന ദ്വീപിൽ, ദിവസവും നൂറു കണക്കിന് എന്നവിധം രോഗം പരക്കാനിടയായത് അഡ്മിനിസ്ട്രേറ്ററുടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വാദിച്ചാണ്, ലക്ഷദ്വീപ് സമൂഹത്തിലെ ചെത്ത്ലാത്ത് സ്വദേശിയായ അയിഷ സുൽത്താന എന്ന ഊർജസ്വലയായ യുവചലച്ചിത്രപ്രവർത്തക ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ഇത് പറഞ്ഞതിന് അവർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടിരിക്കുന്നു! ഇന്ത്യയുടനീളം ലക്ഷദ്വീപ് വിമോചനത്തിനായി പ്രതിഷേധം കടുക്കുകയാണ്. 'സേവ് ലക്ഷദ്വീപ് കാംപയിൻ " കഴിഞ്ഞ ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ, ഒരുപക്ഷേ ഞാനും ഇപ്പോൾ 'രാജ്യദ്രോഹ"ത്തിന്റെ നിഴലിലാണ്!! വർഷങ്ങൾക്കുമുമ്പ്, ഏഴിമല എന്ന എന്റെ സുന്ദരഭൂവിഭാഗത്തിന്റെ നിലനിൽപ്പിനായി അണിചേർന്നതിന് രാജ്യസുരക്ഷാവിഭാഗത്തിന്റെയും പൊലീസ് പടയുടെയും നോട്ടപ്പുള്ളിയായി മാറിയ കാര്യം മനസിൽ തെളിഞ്ഞു വരുന്നു.
രണ്ട്
ഏറ്റവും സുന്ദരവും ശാന്തവുമായ ഭൂമിയായിരുന്നു ഏഴിമല. പയ്യന്നൂരിന്റെ നഗര ബഹളങ്ങളിൽ നിന്ന് ശാന്തി തേടി ഞങ്ങൾ അലഞ്ഞിരുന്ന ഇരുൾകാടും കടൽത്തീരവും. കുട്ടിക്കാലത്തെ സ്കൂൾ വിനോദയാത്രകളിൽ തുടങ്ങി കുറേക്കൂടി മുതിർന്നപ്പോൾ, വിശുദ്ധവനങ്ങളുടെ ആത്മാവുതേടിയുള്ള ചെറുപഠനയാത്രകൾ. രാമരാവണയുദ്ധനേരത്ത്, പരിക്കേറ്റ ലക്ഷ്മണന് ഉയിരേകാൻ ഹനുമാൻ ഔഷധസമൃദ്ധമായ മരുത്വമല തന്നെ പിഴുതെടുത്ത് കൈയിലേന്തി പറന്നപ്പോൾ, ആകാശത്തുനിന്ന് അടർന്നുവീണ ഭൂഭാഗമെന്ന് പുരാണപ്രസിദ്ധമാണ് ഏഴിമല. ഒരു കാര്യം വാസ്തവം, അത്യപൂർവമായ ഔഷധസസ്യങ്ങളാലും ചെറുനെല്ലിമരങ്ങളാലും സമ്പന്നമായിരുന്നു അവിടം. നടരാജഗുരു സ്ഥാപിച്ച പുണ്യാശ്രമം, പുരാതന ക്രിസ്ത്യൻ ദേവാലയം, കർക്കിടക കടലാട്ട് വാവിന് ബലിതർപ്പണം ചെയ്യാനാളുകളെത്തുന്ന നരയൻ കണ്ണൂർ ശിവക്ഷേത്രം, നിസ്കാരപ്രാർത്ഥനകളുയരുന്ന മസ്ജിദുകൾ, കടലിനെ നോക്കി നിശബ്ദസാക്ഷിയായി വെളിച്ചം പൊഴിക്കുന്ന ഏട്ടിക്കുളത്തെ നെടുങ്കൻ ലൈറ്റ് ഹൗസ്. കസവരഞ്ഞാണം പോലെ ഹരിതസൗന്ദര്യത്തിനും പാൽനുരച്ചാർത്തുകൾക്കും ഇടയിൽ നീണ്ടുകിടക്കുന്ന ആ പഞ്ചാര മണൽത്തീരത്തിരുന്ന് എത്രയോ തവണ ഞങ്ങൾ ജീവിതസ്വപ്നങ്ങൾ നെയ്തു! പക്ഷേ 1983-ൽ നാവിക അക്കാഡമിക്കായി സർക്കാർ ഈ പ്രദേശത്തേക്ക് വലയെറിഞ്ഞപ്പോൾ, ഉയർന്നുവന്നത് ഞങ്ങളുടെ തേങ്ങലുകൾക്കൊപ്പം, നൂറ്റാണ്ടുകളായി ജനിച്ചുജീവിച്ച മണ്ണ് കൈവിടേണ്ടി വരുന്ന ദേശവാസികളുടെ ദീനരോദനവുമായിരുന്നു.
മൂന്ന്
ഏത് വിധേനയും നാവിക അക്കാഡമിയിൽ നിന്ന് ഏഴിമലയെന്ന സുന്ദരപ്രകൃതിയെ രക്ഷിച്ചെടുക്കാൻ ഞങ്ങൾ സംഘം ചേർന്നു. കക്ഷിഭേദമന്യേ രാമന്തളിയിലും കുന്നരുവിലും ഏട്ടിക്കുളത്തും പയ്യന്നൂരുമൊക്കെ അതിനായുള്ള ശ്രമങ്ങളും യോഗങ്ങളും നടക്കുന്നുണ്ടായിരുന്നു. പയ്യന്നൂർ മിഷൻ സ്കൂളിൽ ചേർന്ന ഒരു സാംസ്കാരികകൂട്ടായ്മയിൽ ഞാൻ 'മുള്ളുകൾ" എന്ന കഥ വായിച്ചു. നാലാംനാൾ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് എന്നെത്തേടി പൊലീസെത്തി. ഞാനപ്പോൾ എന്റെ 20-ാം വയസിൽ ലഭിച്ച ആദ്യ പത്രപ്രവർത്തന ജോലിയുമായി കാസർകോട്ടായിരുന്നു. കണ്ണൂരിൽ പല തവണ ഉന്നതപൊലീസ് ഉദ്യോഗസ്ഥന്മാരുടെ ചോദ്യം ചെയ്യലിന് ഞാനും സുഹൃത്തുക്കളും വിധേയരായി. ഒരു വർഷത്തോളം അതു നീണ്ടു. എന്റെ കഥ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്ത് ഡൽഹിക്കയച്ചിട്ടുണ്ടെന്ന്, സഹപാഠിയായിരുന്ന പൊലീസുകാരൻ ഗണേശൻ എനിക്ക് താക്കീത് തന്നു ! പക്ഷേ, ഏഴിമലയെന്ന സുരസുന്ദരി പ്രണയതീവ്രവിപഞ്ചിക മീട്ടിയതിനാൽ പിന്മാറാൻ എന്റെ തരളയൗവനം അനുവദിച്ചില്ല. പിന്നേയും പ്രതിരോധകൂട്ടായ്മകളിൽ ഞാൻ പങ്കെടുത്തു കൊണ്ടിരുന്നു.
എന്നാൽ ആ ആരവം പതിയെ തണുത്തു. സ്ഥലം എം.എൽ.എ. കൂടിയായിരുന്ന കിടിലൻ നേതാവ് എം.വി. രാഘവന്റെ തന്ത്രപരമായ കരുനീക്കങ്ങളിൽ പാർട്ടി, പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങി. ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ വാങ്ങിച്ചു കൊടുത്താൽ മതിയാകുമല്ലോ എന്ന അദ്ദേഹത്തിന്റെ വാങ്മയത്തിനു മുമ്പിൽ, പാവപ്പെട്ട ഒരു ജനത മറ്റു വഴികളില്ലാതെ കിട്ടിയതു വാങ്ങി പലേടത്തേക്കായി ചിതറി. രണ്ടായിരത്തഞ്ഞൂറോളം ഏക്കർ ഹരിതസുരഭില ഭൂഭാഗവും ശാന്തസുന്ദരസമുദ്രതീരവും നിരത്തി വെടിപ്പാക്കി വേലികെട്ടിയൊതുക്കി, ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തേതുമായ നേവൽ അക്കാഡമി ഏഴിമലയിൽ കൂറ്റൻ കോൺക്രീറ്റ് ബേസിനുകളും യാർഡുകളും എടുപ്പുകളുമായി പരിലസിച്ചുപോരുന്നു.
നാല്
ഞങ്ങൾക്കെതിരെയുള്ള ആ 'രാജ്യദ്രോഹ"കേസ് പിന്നീടെന്തായോ എന്തോ! ഊരിലും വേരറ്റ് പല ദേശങ്ങൾ താണ്ടിയുള്ള എന്റെ നാടോടി പ്രയാണങ്ങൾക്കിടയിൽ, രണ്ടു വർഷം മുമ്പൊരിക്കൽ പയ്യന്നൂരിലെത്തിയപ്പോൾ ശിവപ്രസാദ് ഷേണായി എന്ന ബാല്യകാലമിത്രം ചിരിച്ചുകൊണ്ട് ക്ഷണിച്ചു: 'ഒരു കൂറ്റൻ ഹനുമാൻ പ്രതിമയുണ്ട് ഇപ്പോൾ ഏഴിമലയിലേക്കുള്ള വഴിയിൽ. ഞാൻ പ്രതിഷ്ഠിച്ചതാണ്. വാ, കാണാം."
അങ്ങനെ ശിവനുമൊത്ത് അന്നുതന്നെ അവന്റെ ഹനുമാനെ കാണാൻ പോയി. താൻ പണ്ട് രാമലക്ഷ്മണന്മാർക്കായി മരുത്വാമല പൊക്കിപ്പറക്കുമ്പോൾ, കൊഴിഞ്ഞുവീണ ആ ചെറുകഷണം ഭൂമിയെ ഇങ്ങു ദൂരെനിന്നുനോക്കി ശിലയായി മരവിച്ച് നിൽക്കുകയാണ് 'ആഞ്ജനേയഗിരി' എന്ന ആ ചെറുടൂറിസ്റ്റ് സങ്കേതത്തിലെ ഉദ്യാനഹനുമാൻ...! ശിവൻ പറഞ്ഞു: 'നിങ്ങളൊക്കെ അഭിരമിച്ച ആ കാടും കടലും ഒരു സങ്കൽപ്പമായി ഇപ്പോ നേവിക്കാരുടെ വേലിക്കകത്താ. ഭയങ്കര സെക്യൂരിറ്റിയാ അവിടെ. ഇനി ഇവിടെ നിന്ന് വേണമെങ്കിൽ, ഹനുമാൻ സ്വാമിയോടൊപ്പം അങ്ങോട്ടുനോക്കി നിന്ന് ആ നഷ്ടസ്വർഗം മനസിലോർത്ത് കിനാവുകാണാം, എത്രനേരം വേണമെങ്കിലും...!"
(സതീഷ്ബാബു പയ്യന്നൂർ:98470 60343)