ഗാസിയാബാദ്: ഗാസിയാബാദിൽ മുസ്ലീം വൃദ്ധനെ മർദ്ദിക്കുകയും അദ്ദേഹത്തോട് ജയ് ശ്രീറാം എന്ന് വിളിക്കുവാനും ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതിന് അഭിനേത്രി സ്വരാ ഭാസ്കറിനും ട്വിറ്റർ ഇന്ത്യ തലവൻ ആസിഫ് ഖാനെതിരെയും പുതിയ പരാതികൾ. ഡൽഹിയിലെ തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ അമിത് ആചാര്യ എന്ന വക്കീലിന്റെ പരാതിയിന്മേലാണ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇതു വരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ ട്വിറ്റർ ഇന്ത്യ, പത്രപ്രവർത്തകരായ മുഹമ്മദ് സുബൈർ, റാണാ അയൂബ്, കോൺഗ്രസ് നേതാക്കളായ ഷമാ മുഹമ്മദ്, സൽമാൻ നിസാമി, മസ്കൂർ ഉസ്മാനി, സബാ നഖ്വി എന്നിവർക്കെതിരെ ഇതേ വീഡിയോ പങ്കുവച്ചതിന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
യഥാർത്ഥ വസ്തുത മനസ്സിലാക്കാതെയാണ് ഇവരെല്ലാം വീഡിയോ ഷെയർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മതപരമോ വർഗ്ഗീയമായതോ ആയ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും വൃദ്ധൻ വിൽക്കാൻ ശ്രമിച്ച ചില വസ്തുക്കളിൽ അക്രമികൾക്ക് എതിർപ്പുണ്ടായിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.
അതേ സമയം പത്രപ്രവർത്തകർക്കെതിരെയുള്ള എഫ് ഐ ആർ പിൻവലിക്കണമെന്നും ഭീതി പരത്തി തങ്ങളുടെ അജണ്ട നടപ്പിലാക്കുവാനുള്ള ഗാസിയാബാദ് പൊലീസിന്റെ ശ്രമങ്ങളാണ് ഇതെല്ലാമെന്ന് പ്രസ് ക്ളബ് ഒഫ് ഇന്ത്യ പ്രസ്താവനയിറക്കി. സംഭവവുമായി ബന്ധപ്പെട്ട് കല്ലൂ ഗുർജാർ, പർവേശ് ഗുർജാർ, ആദിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.