കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിമാനകമ്പനികൾക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് നോട്ടീസ്. സാധാരണ കാർഗോയെ നയതന്ത്ര കാർഗോ ആക്കിയത് വിമാനകമ്പനികളാണെന്നാണ് കസ്റ്റംസ് വിശദീകരണം. കേസന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍സല്‍ ജനറല്‍, സ്വപ്‌ന, ശിവശങ്കർ ഉള്‍പ്പടെ 52 പേർക്ക് കൂടി കസ്റ്റംസ് നോട്ടീസ് നൽകുമെന്നാണ് വിവരം.
നയതന്ത്ര ബാഗേജിലാണ് സ്വർണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. കോൺസൽ ജനറലിന്‍റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തിൽ വരുമ്പോൾ ഇവ ഡിപ്ലോമാറ്റിക് കാർഗോയാണെന്ന് പറഞ്ഞിരുന്നില്ല. കോൺസൽ ജനറലിന്‍റെ കത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ കാർഗോകളെ നയതന്ത്ര കാർഗോകളാക്കി വിമാന കമ്പനികൾ മാറ്റുകയായിരുന്നു.
ആറാംതവണ സ്വർണം കടത്തിയ സമയത്ത് വിദേശത്ത് നിന്ന് ഈ കാർഗോ പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസ് അടക്കമുളള ഏജൻസികളോട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്നതിന് പകരം സ്വർണം കൊണ്ടുവന്നയാൾക്ക് വിമാനകമ്പനികൾ ഇത് തിരികെ നൽകുകയായിരുന്നു.