diamond

ബോട്ട്‌സ്വാന: കൊവിഡ് മൂലം സാമ്പത്തികമായി തകർന്നിരിക്കുന്ന ആഫ്രിക്കൻ രാജ്യമായ ബോട്ട്‌സ്വാനയ്‌ക്ക് വലിയ ആശ്വാസദിനമായിരുന്നു കഴിഞ്ഞദിവസം. രാജ്യത്തെ വജ്ര ഖനനം വഴി വലിയൊരു വൈരക്കല്ല് അവർ കണ്ടെത്തിയിരിക്കുകയാണ്. 1098 കാരറ്റ് വരുന്ന ഈ വജ്രം ലോകത്തിലെ ഏ‌റ്റവും വലിയ മൂന്നാമത്തെ വജ്രമാണെന്ന് കണ്ടെത്തി. ബോട്ട്സ്വാനയിലെ ഡെബ്സ്വാന വജ്രകമ്പനിക്കാണ് ഈ കല്ല് ലഭിച്ചത്. ബോട്ട്സ്വാന പ്രസിഡന്റ് മോക്വീ‌റ്റ്സി മാസിസിയ്‌ക്ക് ഈ വൈരക്കല്ല് കമ്പനി ആക്‌ടിംഗ് മാനേജിംഗ് ഡയറക്‌ടർ ലിനെ‌റ്റ് ആംസ്‌ട്രോംഗ് കൈമാറി.

ലോകത്തിലെ ഏ‌റ്റവും വലിയ വൈരക്കല്ല് ദക്ഷിണാഫ്രിക്കയിൽ നിന്നും 1905ൽ കണ്ടെത്തിയ 3106 കാരറ്റ് മൂല്യം വരുന്ന കുള‌ളിനാൻ വജ്രമാണ്. രണ്ടാമത്തേത് ബോട്‌സ്വാനയിൽ നിന്ന് തന്നെ 2015ൽ കണ്ടെത്തിയ 1109 കാരറ്റ് മൂല്യമുള‌ള ലെസെഡി ലാ റോണയും. മൂന്നാമത്തേതായ വജ്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

വജ്രം കണ്ടെത്തിയ ഡെബ്‌സ്വാന ആംഗ്ളോ അമേരിക്കൻ ഡി ബിയേഴ്‌സും ബോട്‌സ്വാനൻ സർക്കാരും ചേർന്ന് നടത്തുന്ന കമ്പനിയാണ്.ലഭിച്ച വജ്രത്തിന്റെ വിൽപനയിൽ കിട്ടുന്ന വരുമാനത്തിന്റെ 80 ശതമാനം ഡിവിഡന്റും, റോയൽറ്റിയ്‌ക്കും, പിന്നെ നികുതിയായുമാണ് ഉപയോഗിക്കുക. കഴിഞ്ഞ 50 വ‌ഷത്തിനിടെ കമ്പനിക്ക് ലഭിക്കുന്ന ഏ‌റ്റവും വലിയ രത്നമാണിതെന്ന് കമ്പനി ആക്‌ടിംഗ് മാനേജിംഗ് ഡയറക്‌ടർ ലിനെ‌റ്റ് ആംസ്‌ട്രോംഗ് പറഞ്ഞു.