മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച ക്യാപ്ടന്മാരിൽ ഒരാളായ സെർജിയോ റാമോസ് 16 വർഷങ്ങൾക്കു ശേഷം തന്നെ വളർത്തി വലുതാക്കിയ ക്ളബ് വിടുവാൻ തീരുമാനിച്ചു. ക്ളബിനു വേണ്ടി 671 മത്സരങ്ങളിൽ നിന്ന് 101 ഗോളുകളും 22 ട്രോഫികളും നേടിയ റാമോസ് മാന്യമായ ഒരു വിടവാങ്ങൽ മത്സരം പോലും ലഭിക്കാതെയാണ് റയൽ വിടുന്നത്. 35 കാരനായ റാമോസ് ക്ലബ് വിടുന്ന കാര്യം വളരെ ചെറിയൊരു പത്രകുറിപ്പിലൂടെ ആരാധകരെ അറിയിച്ച റയൽ അധികൃതർ, ക്ലബ് പ്രസിഡന്റ് ഫ്ളോറെന്റിനോ പെരസുമായുള്ള ഒരു പത്രസമ്മേളനത്തിൽ താരത്തിന് മികച്ചൊരു യാത്രയയപ്പ് നൽകുമെന്ന് പറഞ്ഞു.
റാമോസ് ക്ളബ് വിടാനുള്ള തീരുമാനം ആരാധകരെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും പലരും ഈയൊരു വാർത്ത പ്രതീക്ഷിരുന്നു. റയലുമായുള്ല കരാർ കാലാവധി അവസാനിച്ചിരുന്ന റാമോസിന് ശമ്പളം 10 ശതമാനം വെട്ടിക്കുറച്ചിട്ട് ഒരു വർഷത്തെ കരാർ നൽകുവാനായിരുന്നു ക്ളബ് അധികൃതരുടെ തീരുമാനം. എന്നാൽ ഇനിയും തന്നിൽ ഫുട്ബാൾ ബാക്കിയുണ്ടെന്ന തിരിച്ചറിവിൽ റാമോസ് മറ്റൊരു ക്ളബ് തിരഞ്ഞെടുക്കുവാൻ നിർബന്ധിതനാകുകയായിരുന്നു. പ്രായം ഒരു വിലങ്ങുതടിയായേക്കാമെങ്കിലും, ഫ്രീ ഏജന്റായി ക്ളബ് വിടുന്ന റാമോസിന് മറ്റൊരു ക്ളബ് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.
അതേ സമയം റാമോസിന്റെ യാത്രയയപ്പ് റയൽ മാഡ്രിഡ് കൈകാര്യം ചെയ്ത രീതിയിൽ പരക്കെ വിമർശനം ഉയരുന്നുണ്ട്. മുൻ റയൽ മാഡ്രിഡ് സ്ട്രൈക്കർ ഇവാൻ സമോരാനോ ശക്തമായ ഭാഷയിൽ റാമോസിനെ ഒഴിവാക്കാനുള്ള ക്ളബ് തീരുമാനത്തെ വിമർശിച്ചു. ക്ളബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങളിൽ നയിച്ച റാമോസിനെ പോലൊരു ക്യാപ്ടന് അർഹിച്ച പരിഗണന നൽകാൻ ക്ളബ് തയ്യാറായില്ലെന്നും അദ്ദേഹത്തെ ടീമിൽ നിലനിറുത്തുവാൻ മതിയായ ഒരു താത്പര്യവും ക്ളബ് അധികൃതർ കാണിച്ചില്ലെന്നും സമോരാനോ പറഞ്ഞു.
2005ൽ തന്റെ 19 ാം വയസിലാണ് റാമോസ് റയൽ മാഡ്രിഡിന്റെ കുപ്പായം ആദ്യമായി അണിയുന്നത്. ഒരു ഡിഫൻഡറിന് ലഭിക്കുന്ന റെക്കാഡ് തുകയായ 27 മില്ല്യൺ യൂറോയ്ക്കാണ് റാമോസ് സെവിയയിൽ നിന്നും റയലിലേക്ക് എത്തുന്നത്. 2015ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റാമോസിനെ തങ്ങളുടെ ടീമിലേക്ക് വരാൻ സമീപിച്ചിരുന്നുവെങ്കിലും, റയലിൽ തന്നെ തുടരാനായിരുന്നു അന്ന് താരം തീരുമാനിച്ചത്.