sachin-pilot

​​​ജയ്‌പൂർ: രാജസ്ഥാന്‍ കോണ്‍ഗ്രസിൽ സച്ചിൻ പൈലറ്റും അശോക്‌ ഗെഹ്‌ലോട്ടും തമ്മിലുളള ഭിന്നത രൂക്ഷമാകുന്നു. മന്ത്രിസഭ വിപൂലികരണവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്‌ചയ്ക്ക് പോയ സച്ചിന്‍ പൈലറ്റ് തിരികെ ജയ്‌പൂരിലെത്തി. എന്നാല്‍, സച്ചിന്‍റെ യാത്രയ്ക്ക് പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നാണ് സൂചന. ഇതോടെ, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് എതിരെ പരസ്യ പ്രതികരണങ്ങളുമായി പൈലറ്റ് പക്ഷത്തെ എം എല്‍ എമാര്‍ രംഗത്തെത്തി.

മന്ത്രിസഭ പുനഃസംഘടിപ്പിക്കാത്തതില്‍ പൈലറ്റ് പക്ഷത്തുള്ള എം എല്‍ എമാര്‍ അസ്വസ്ഥരാണ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തങ്ങളെ ഒറ്റുകാരെന്ന് വിളിച്ചെന്ന് പൈലറ്റ് പക്ഷത്തെ പ്രമുഖനായ പ്രകാശ് സോളങ്കി പറഞ്ഞു.

'ഞങ്ങളെ ഒറ്റുകാരെന്ന് വിളിച്ച് യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് വഴിമാറ്റാന്‍ ശ്രമിക്കുകയാണ്. ശരിക്കുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മന്ത്രിസഭ പുനഃസംഘന മാത്രമാണ് ഇവിടെ വിഷയം. ഞങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദ്ധാനങ്ങള്‍ പാലിക്കപ്പെട്ടില്ല. എന്ത് പ്രശനം പരിഹരിക്കാനാണോ കഴിഞ്ഞ വര്‍ഷം മൂന്നംഗ സമിതി രൂപീകരിച്ചത്, അതിപ്പോഴും നിലനില്‍ക്കുകയാണ്' എന്നും അദ്ദേഹം പറഞ്ഞു.

സച്ചിന്‍റെ വിശ്വസ്‌തരായ എം എൽ എമാരുടെ ഫോണ്‍ കോളുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഉത്തര്‍പ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താനായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലേക്ക് പോയത്.