അലിഗഡ്: ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പട്ടിണിയിലായ കുടുംബത്തെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിധവയായ സ്ത്രീയേയും, അഞ്ച് മക്കളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് മരണപ്പെട്ടതിന് ശേഷം മക്കളുടെ വിശപ്പടക്കാൻ സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു നാൽപതുകാരി.
അടുത്തിടെ ഫാക്ടറി അടച്ചതോടെ വരുമാനം നിലച്ചു.ഇതിനെ തുടർന്ന് ഇവരുടെ ഇരുപത് വയസുള്ള മൂത്തമകൻ കെട്ടിട നിർമ്മാണ ജോലിക്ക് പോയി തുടങ്ങി. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തൊഴിൽ ലഭിക്കാതായതോടെയാണ് കുടുംബം പട്ടിണിയിലായത്. അയൽ വാസികളുടെ സഹായത്താലാണ് ഏതാനും ആഴ്ചകളായി ഇവർ കഴിഞ്ഞിരുന്നത്. കുറച്ചുദിവസങ്ങളായി ഈ സഹായങ്ങളും നിലച്ചതോടെ പട്ടിണിയിലാവുകയായിരുന്നു.
പത്ത് ദിവസമായി ഇവർ ആഹാരം കഴിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ദിവസങ്ങളോളം പട്ടിണി കിടന്നതിനാൽ അവശ നിലയിലാണ് കുടുംബത്തെ ആശുപത്രിയിൽ പ്രവേശിച്ചതെന്നും, ആ സമയം സംസാരിക്കുവാൻ പോലും ഇവർക്കാവുമായിരുന്നില്ലെന്നും അലിഗഡിലെ മൽഖാൻ സിംഗ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
മാദ്ധ്യമങ്ങളിലൂടെ വാർത്ത പുറത്ത് വന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിംഗ് കുടുംബത്തിന്റെ അവസ്ഥ മനസിലാക്കാൻ ഒരു സംഘത്തെ നിയോഗിച്ചു. കുടുംബത്തിന് ഭക്ഷ്യവസ്തുക്കളും അയ്യായിരം രൂപയും അനുവദിച്ചിട്ടുണ്ട്. സസ്‌നി ഗേറ്റ് പൊലീസ് സ്റ്റേഷന് കീഴിലുള്ള മന്ദിർ കാ നാഗ്ലയിൽ സ്ഥിതിചെയ്യുന്ന വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഹാൻഡ്‌സ് ഫോർ ഹെൽപ്പ് എന്ന സംഘടന കുടുംബത്തിന് റേഷൻ നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്.