online-class

​​തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കണക്കെടുപ്പ്.

ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരമാണ് ശേഖരിക്കുന്നത്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് കൈമാറും. ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികളില്ലെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

ആലപ്പുഴ ജില്ലയില്‍ മാത്രം 7,200 വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍, ഓണ്‍ലൈന്‍ പഠനത്തിന് സംവിധാനമില്ല. ഇതു പരിഹരിക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സഹായസമിതികളുണ്ടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ സഹായ സമിതികള്‍ നല്‍കും.

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക. പട്ടിക വര്‍ഗ കോളനികളില്‍ നടക്കുന്ന പ്രത്യേക സര്‍വേയുടെ റിപ്പോര്‍ട്ട് ഇരുപതാം തീയതിയ്‌ക്കകം കൈമാറണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.