ടെൽഅവീവ്: തങ്ങൾക്ക് നേരെ തീ ബലൂണുകൾ തൊടുത്ത ഹമാസിന്റെ ആക്രമണങ്ങളുടെ കുന്തമുന തകർത്ത ഇസ്രയേലിന്റെ പ്രതിരോധ സേനാ ടീമിൽ സാന്നിദ്ധ്യമായി ഒരു ഇന്ത്യൻ വംശജയായ പെൺകുട്ടി. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിൽ ജനിച്ച് ഇസ്രയേലിലേക്ക് കുടിയേറിയ നിത്‌സ മുലിയാഷ എന്ന ഇരുപതുകാരിയായ പെൺകുട്ടിയാണ് പ്രതിരോധ നടപടിയിൽ പങ്കെടുത്തത്.
ഗുജറാത്തിലെ രാജ്‌കോട്ടിലെ കോത്താടി ഗ്രാമത്തിൽ നിന്നാണ് മുലിയാഷ ഇസ്രയേലിലെത്തിയത്. ഇസ്രയേലി സൈന്യത്തിലെത്തുന്ന ആദ്യ ഗുജറാത്തി പെൺകുട്ടിയുമാണ് മുലിയാഷ. ഇസ്രയേലിൽ പഠനസമ്പ്രദായം കുട്ടികളിൽ നിരവധി പരീക്ഷണങ്ങൾ നടത്തി അവരിലെ അഭിരുചി അറിയുന്നതാണ്. അതുകൊണ്ട് മകളുടെ ഈ നേട്ടത്തിന് പിന്നിൽ ഇസ്രയേലി പഠനസമ്പ്രദായമാണെന്ന് അച്ഛൻ സിവാഭായ് മുലിയാഷ പറയുന്നു. രണ്ടേകാൽ വർഷം നീളുന്ന സൈനിക സേവനമാണ് മുലിയാഷയ്‌ക്ക് ഇപ്പോഴുളളത്. അതിന് ശേഷം ഇഷ്‌ടമുളളത് പഠിക്കാനുളള കരാറിൽ ഏർപ്പെടാൻ അവൾക്കാകുമെന്നും അതിന്റെ ചിലവ് മുഴുവൻ സൈന്യം വഹിക്കുമെന്നും സിവാഭായ് അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ലെബനൻ, സിറിയ, ഈജീപ്‌ത്, ജോർദ്ദാൻ എന്നിവിടങ്ങളിൽ നിത്‌ഷ ജോലിനോക്കി. ഇപ്പോൾ ഹമാസ് ആക്രമങ്ങളെ പ്രതിരോധിക്കുന്ന ഗുഷ് ദാനിലാണ് ജോലിനോക്കുന്നത്.