baby

കുട്ടികൾക്ക് വ്യത്യസ്തമായ പേരുകൾ നൽകാനുള്ള മത്സരത്തിലാണ് മാതാപിതാക്കൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാതാപിതാക്കൾ സിനിമകൾ, കോമ്പിനേഷൻ കോഡുകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, റാൻഡം നമ്പറുകൾ, ഇഡിയംസ് എന്നിവയുടെ വെറൈറ്റി പേരുകളാണ് കുട്ടികൾക്ക് നൽകിവരുന്നത്. ജോലിയെ അളവറ്റ് സ്‌നേഹിക്കുന്ന ഒരാൾ തന്റെ മകന് നൽകിയ പേരാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ സജീവ ചർച്ച. ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് റയോ പാസ്‌ക്കൽ​ എന്നാണ് ആ വിരുതൻ തന്റെ കുഞ്ഞിനിട്ട പേര്.

ഫിലിപൈൻസിൽ വെബ് ഡെവലപ്പറായ മാക് പാസ്‌ക്കൽ ആണ് കുട്ടിക്ക് എച്ച്.ടി.എം.എൽ എന്ന് പേരിട്ടത്. വെബ്‌സൈറ്റുകൾ തയ്യാറാക്കുന്ന കമ്പ്യൂട്ടർ ഭാഷയാണ് എച്ച്.ടി.എം.എൽ. മാക് പാസ്‌ക്കലിന്റെ സഹോദരിയാണ് കുട്ടിയുടെ ചിത്രത്തോടൊപ്പം 'ഹൈടെക് ' പേരിന്റെ വിശദാംശങ്ങൾ ചേർത്ത് ഫേസ്ബുക്കിൽ കുറിച്ചത്. ഇതാദ്യമായല്ല തങ്ങളുടെ കുടുംബത്തിൽ കുഞ്ഞുങ്ങൾക്ക് വെറൈറ്റി പേരുകളിടുന്നതെന്നും സഹോദരി ദി ഇൻക്ക്വയറർ പറയുന്നു. ഇവരുടെ സഹോദരൻ മാകിന്റെ യഥാർത്ഥ പേര് മാക്ക്റോണി 85 എന്നും മറ്റൊരു സഹോദരിയുടെ പേര് സ്പാഗറ്റി 88 എന്നുമാണ് (ഇറ്റാലിയൻ വിഭവങ്ങളുടെ പേര്).

സ്പാഗറ്റിയുടെ മക്കൾക്ക് ചീസുകളുടെ പേരാണ്. ഒരാൾ ചീസ് പിമിയെന്റോയും മറ്റൊരാൾ പാർമേഷൻ ചീസും. കഴിഞ്ഞില്ല കസിൻസിന്റെ പേരുകളും ഇതുപോലെ വെറൈറ്റിയാണ്. ഒരാൾ ഡിസൈനും അടുത്തയാൾ റിസർച്ചും.

സ്‌പേസ് എക്സ്, ടെസ്ല കമ്പനികളുടെ സി.ഇ.ഒയും ദി ബോറിംഗ് കമ്പനിയുടെ സഹസ്ഥാപകനുമായ ഇലോൺ മസ്‌കിന്റെയും ഗ്രിംസിന്റെയും കുഞ്ഞിന് എക്സ് ആഷ് എ 12 എന്ന പേരിട്ടതോടെയാണ് ഹൈടെക്ക് പേരുകൾ ജനകീയമായത്.

അടുത്തിടെ ഇന്തോനേഷ്യക്കാരനായ സ്ലാമേറ്റ് യോഗ വഹ്യുദി ജോലി ചെയ്തിരുന്ന സ്ഥാപനത്തോടുള്ള ആദര സൂചകമായി തന്റെ കുഞ്ഞിന് 'ദിനാസ് കമ്യൂണികാസി ഇൻഫോമാറ്റിക സ്റ്റാറ്റിസ്റ്റിക്' (ഡിപ്പാർട്‌മെന്റ് ഒഫ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ) എന്നാണ് പേരിട്ടത്. പേര് വമ്പൻ വെറൈറ്റി ആണെങ്കിലും വഹ്യുദിയുടെ കുടുംബത്തിൽ പലർക്കും ഈ പേര് തീരെ ബോധിച്ചിട്ടില്ല. പലരും ഈ പേര് മാറ്റാൻ വഹ്യുദിയെ ഉപദേശിച്ചെങ്കിലും അയാൾ തന്റെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്.