തിരുവനന്തപുരം: കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗ് (ഐ എസ് എൽ) ഫുട്ബാൾ ടൂർണമെന്റ് ഗോവയിൽ വച്ചു നടത്താൻ ഐ എസ് എൽ ഗവേണിംഗ് കൗൺൺസിൽ തീരുമാനം എടുത്തു. നവംബർ 19ന് ആരംഭിച്ച് മാർച്ച് 20 ന് ഫൈനൽ മത്സരങ്ങൾ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ തീയതികൾ മാറുവാൻ സാദ്ധ്യതയുണ്ട്. ഗോവയിൽ ഏതെങ്കിലും സാഹചര്യത്തിൽ മത്സരങ്ങൾ നടത്തുവാൻ സാധിക്കാതെ വന്നാൽ, ടൂർണമെന്റ് വിദേശത്ത് നടത്താനാണ് തീരുമാനം. ഇതിനായി ഒമാൻ, ഖത്തർ എന്നീ വിദേശ രാജ്യങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.
നിലവിൽ തീരുമാനിച്ച തീയതികളിൽ മത്സരങ്ങൾ നടത്തുകയാണെങ്കിൽ ടൂർണമെന്റിന് ഇടയ്ക്ക് ഒരു ഇടവേള വരുവാൻ സാദ്ധ്യതയുണ്ട്. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഇടയ്ക്ക് വരുന്നതിനാൽ ദേശീയ ടീമിലെ കളിക്കാർക്ക് ഇതിന് പോകേണ്ടിവരും എന്നതിനാലാണ് ഇടവേള വരുന്നത്.
ഇത്തവണത്തെ ഐ എസ് എൽ മത്സരങ്ങൾ നടത്തുന്നതിന് ഗോവയെ കൂടാതെ കേരളത്തെയും ബംഗാളിനെയും പരിഗണിച്ചിരുന്നുവെങ്കിലും ബയോ ബബിൾ പോലുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഗോവ തന്നെയാണ് മികച്ചത് എന്ന പൊതു അഭിപ്രായത്തെ തുടർന്ന് അവിടെ തന്നെ ഉറപ്പിക്കുകയായിരുന്നു. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരക്കൂടുതലും കേരളത്തിനു പ്രതികൂലമായി വന്നു. കഴിഞ്ഞ തവണ ബയോ ബബിൾ സംവിധാനങ്ങൾ ഐ എസ് എൽ അധികൃതർ ഒരുക്കി കൊടുത്തുവെങ്കിൽ ഇത്തവണ അതാത് ടീമുകൾ തന്നെ ഈ സൗകര്യങ്ങൾ കണ്ടെത്തേണ്ടതായി വരും. കഴിഞ്ഞ തവണ കേരള ബ്ളാസ്റ്റേഴ്സിന് ബാംബോലിം ഹോം ഗ്രൗണ്ട് ആയി ലഭിച്ചുവെങ്കിൽ ഇത്തവണ വാസ്കോയിലായിരുക്കും ബ്ളാസ്റ്റേഴ്സ് ഹോം മത്സരങ്ങൾ കളിക്കുക. മുംബയ് സിറ്റി, എ ടി കെ മോഹൻ ബഗാൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി എന്നിവർ ഫറ്റോർഡയിലും, എഫ് സി ഗോവ, ഹൈദരാബാദ് എഫ് സി, ജംഷഡ്പൂർ എഫ് സി, ബംഗളുരു എഫ് സി എന്നിവർ ബാംബോലിമിലും മത്സരിക്കും. ബാക്കിയുള്ള നാലു ടീമുകളും വാസ്കോയിലാകും തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുക.
അതേസമയം കൊൽക്കത്ത ടീമായ ഈസ്റ്റ് ബംഗാൾ എഫ് സി ഇത്തവണ ഐ എസ് എല്ലിൽ ഉണ്ടാകുമോ എന്നതിൽ ഉറപ്പില്ല. സ്പോൺസർമാരുമായുള്ള ഈസ്റ്റ് ബംഗാളിന്റെ ആഭ്യന്തരപ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയാൽ അടുത്തതവണ ഈസ്റ്റ് ബംഗാളിന് ഐ എസ് എല്ലിൽ പങ്കാളിത്തം ഉണ്ടാകും എന്ന് അധികൃതർ വ്യക്തമാക്കി. അതല്ലാ എങ്കിൽ 10 ടീമുകളുമായി ഇത്തവണത്തെ ടൂർണമെന്റ് നടക്കും. എന്നാൽ സ്പോൺസർമാരുമായി ഉടൻ ഒത്തുതീർപ്പിൽ എത്തിയില്ലെങ്കിൽ ഈസ്റ്റ് ബംഗാളിന് ഐ ലീഗിൽ പങ്കെടുക്കുക പോലും ദുഷ്കരമായിരിക്കും.