ന്യൂയോർക്ക് : ഇന്ത്യൻ സർക്കാരുമായി ഏറ്റുമുട്ടിയതിന് ട്വിറ്റർ നൽകേണ്ടി വന്നത് വലിയ വില. ഇന്ത്യയിലെ പുതിയ ഐ ടി ചട്ടങ്ങൾ അനുസരിക്കാത്ത ട്വിറ്ററിന്റെ ധിക്കാരത്തിന്, ഉള്ളടക്കത്തിന്റെ പേരിലുള്ള നിയമപരിരക്ഷ കഴിഞ്ഞ ദിവസം കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം ന്യൂയോർക്ക് സ്‌റ്റോക്ക് എക്സ്‌ചേഞ്ചിലാണ് ട്വിറ്റർ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ള ട്വിറ്ററിന്റെ ഓഹരിയുടെ വില 0.50ശതമാനം കണ്ട് താഴ്ന്നു 59.93 ഡോളർ നിലവാരത്തിലേക്കെത്തി.
ഈ വർഷമാദ്യം മുതൽ ട്വിറ്ററിന്റെ ഓഹരികൾക്ക് പ്രിയം ഏറിയിരുന്നു. ഫെബ്രുവരി അവസാനം 80.75 ഡോളറിലേക്ക് ഓഹരിയുടെ മൂല്യം എത്തിയിരുന്നു. ഇത് കഴിഞ്ഞ അമ്പത്തിരണ്ട് ആഴ്ചകളിൽ ഏറ്റവും ഉയർന്നതായിരുന്നു. എന്നാൽ ഈ നേട്ടമെല്ലാം മണിക്കൂറുകൾ കൊണ്ട് ഇടിയുകയായിരുന്നു. ഇതോടെ ഒറ്റദിവസംകൊണ്ട് വിപണിമൂല്യം 43 ലക്ഷം ഡോളർ ഇടിഞ്ഞ് 47.64 ബില്യൺ ഡോളറായി.
ഇന്ത്യയിൽ ട്വിറ്ററിനെ കാത്തിരിക്കുന്നത്
നിയമപരിരക്ഷ ഇല്ലാതാകുന്നതോടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തിന്റെ പേരിലുള്ള കേസിൽ അവർ പ്രതിയാകും. ഉള്ളടക്കം ട്വിറ്റർ പ്രസിദ്ധീകരിച്ചതായാണ് കണക്കാക്കുക. അതായത്, ഉപഭോക്താക്കളുടെ അക്കൗണ്ട് വഴി അഭിപ്രായങ്ങൾ പറയാനും ചിത്രങ്ങളും വീഡിയോ അടക്കം ഉള്ളടക്കം പോസ്റ്റ് ചെയ്യാനും വേദിയൊരുക്കുന്ന ഇന്റർമീഡിയറി (മദ്ധ്യസ്ഥ സ്ഥാപനം) എന്ന പദവിയിൽ നിന്ന് പബ്ളിഷർ (പ്രസാധകൻ) എന്ന നിലയിലേക്ക് ട്വിറ്റർ മാറും. പ്രധാന സാമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇന്റർമീഡിയറി പദവി നഷ്ടമാകുന്ന ആദ്യ സ്ഥാപനമാണ് ട്വിറ്റർ.
മേയ് 25 ന് നിലവിൽ വന്ന രാജ്യത്തെ പുതിയ ഐ.ടി ചട്ടങ്ങൾ പാലിക്കാൻ ജൂൺ അഞ്ചിനു നൽകിയ അന്ത്യശാസനത്തിനു ശേഷവും അനുസരണക്കേട് കാട്ടിയതിനെ തുടർന്നാണ് ട്വിറ്ററിന് 'ശിക്ഷ' ലഭിച്ചത്. നിയമപരിരക്ഷ ഒഴിവാക്കിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ലോനിയിൽ മുസ്ളിം വൃദ്ധനെ ആൾക്കൂട്ടം മർദ്ദിച്ചതിന്റെ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ, സാമുദായിക കലഹം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റത്തിന് ട്വിറ്ററിനെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തു.
നിയമപരിരക്ഷ ഒഴിവാക്കുമെന്ന സൂചനകളെ തുടർന്ന്, ഉള്ളടക്കം സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ ചൊവ്വാഴ്ച രാത്രിയോടെ ട്വിറ്റർ ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചിരുന്നു. എന്നാൽ, ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അതു മതിയാകില്ലെന്നു വ്യക്തമാക്കിയാണ് പൊലീസ് നടപടി.
2000ലെ ഐ.ടി നിയമം 79ാം വകുപ്പിലെ ഒന്നാം വിഭാഗത്തിലാണ് ഉള്ളടക്കത്തിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങൾക്കുള്ള നിയമ പരിരക്ഷ വിശദീകരിക്കുന്നത്. ഈ പരിരക്ഷയ്ക്കായി ചീഫ് കംപ്ലയൻസ് ഓഫീസർ, നോഡൽ ഓഫീസർ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ, ഇന്ത്യയിലെ വിലാസം എന്നിവ വേണം. ഇല്ലെങ്കിൽ നിയമത്തിലെ ചട്ടം 7 അനുസരിച്ച് നിയമപരിരക്ഷ ഇല്ലാതാകും.