diamond

കേപ്​ടൗൺ: വജ്രമന്വേഷിച്ച് ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശത്തുള്ള ലേഡിസ്​മിത്തിന്​ സമീപത്തെ ക്വഹ്​ലതി ഗ്രാമത്തിൽ ദിനംപ്രതി എത്തുന്നത് നാലായിരത്തിലധികം പേർ. ക്വഹ്​ലതിയിൽ നിന്ന് വജ്ര സമാനമായ കല്ലുകൾ ഒരു ആട്ടിയന് ലഭിച്ചതോടെയാണ് ജനങ്ങൾ തൂമ്പയും കോടാലിയും കൈയ്യിലേന്തി ക്വഹ്ലതിയിലെത്തിയത്. പിന്നീട് നിരവധി പേർക്ക് ഇത്തരം കല്ലുകൾ ലഭിച്ചു.ജൂൺ ഒമ്പതിനാണ്​ ഇവിടെ നിന്ന്​ ഇത്തരം കല്ലുകൾ ആദ്യമായി ലഭിച്ചത്.

@വാർത്ത കാട്ടുതീ പോലെ പടരുന്നു

കല്ലിന്റെ ചിത്രങ്ങൾ നഗരത്തിലുള്ളവർക്ക് ലഭിച്ചതോടെ വജ്രം തേടി ആളുകൾ കൂട്ടത്തോടെ

ക്വഹ്‌ലതിയിലെത്തി. ദാരിദ്ര്യമനുഭവിക്കുന്നവരാണ് കല്ലുകൾ തേടി ഇവിടെ എത്തുന്നത്. ഒരുമീറ്റർ കുഴിച്ചാൽ കല്ലുകൾ ലഭിക്കും.ചിലരാകട്ടെ ലഭിച്ച കല്ലുകൾ തുച്ഛമായ വിലയ്ക്ക് വിറ്റെന്നും റിപ്പോർട്ടുണ്ട്. 13 മുതൽ ജനങ്ങളുടെ ഒഴുക്ക് നിയന്ത്രണാതീതമായി.അതോടെ പ്രദേശത്ത്​ ഖനനത്തിന്​ ഇറങ്ങുന്നവരോട് പിരിഞ്ഞുപോകണമെന്ന്​ ഭരണകൂടം ആവശ്യപ്പെട്ടു. സ്ഥലത്തുനിന്ന്​ ഭൂമിശാസ്​ത്ര, ഖനന വിദഗ്ദ്ധർ സാമ്പിളുകൾ എടുത്തുകൊണ്ടുപോയിട്ടുണ്ട്​. പരിശോധനാഫലം ജൂ​ലായ് പകു​തിയോടെ ലഭിക്കുമെന്നാണ്​ സൂചന

@ വജ്രമല്ലെന്ന് വിദഗ്ദ്ധർ, ആണെന്ന് ജനങ്ങൾ

ഇവ ക്വാർട്സ് ക്രിസ്റ്റൽ തരികളാണെന്നാണ് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. എന്നാൽ, സർക്കാർ വിദഗ്ദ്ധരെ പരിശോധനക്ക്​ അയച്ചത്​ ഇവ വജ്രങ്ങളാണ്​ ഉറപ്പിച്ചതിനെ തുടർന്നാണെന്നാണ്​ പ്രദേശവാസികൾ പറയുന്നത്​. ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതിപ്പെട്ട്​ വർഷങ്ങളായിട്ടും അവഗണിക്കുന്ന സർക്കാർ ധൃതിയിൽ പരിശോധനക്ക്​ ആളെ വിട്ടത്​ അതുകൊണ്ടാണെന്നാണ്​ പ്രദേശവാസികളുടെ ഭാഷ്യം.

@ പട്ടിണിയും തൊഴിലില്ലായ്​മയും രൂക്ഷം

കൊവിഡ് മൂലം ദക്ഷിണാഫ്രിക്കയിൽ​ തൊഴിലില്ലായ്​മയും പട്ടിണിയും രൂക്ഷമാണ്. മൂന്ന്​ കോടിയിലധികം പേർ രാജ്യത്ത്​ പട്ടിണിയിലാണെന്നാണ്​ റിപ്പോർട്ടുകൾ.​ക്വഹ്ലതിയിലേക്ക് ജനങ്ങൾ കൂട്ടത്തോടെ എത്താൻ ഇതും കാരണമാണ്. വജ്രം വിറ്റ് കിട്ടുന്ന പണം കൊണ്ട് തങ്ങളുടെ മോഹങ്ങൾ സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാർ.

@ വജ്ര നിക്ഷേപത്തിൽ ആറാമത്

ലോകത്ത് വൻകിട വജ്ര നിക്ഷേപമുള്ള രാജ്യങ്ങളിൽ ആറാമതാണ്​ ദക്ഷിണാഫ്രിക്ക. 1866ൽ ഇരാസ്മസ് ജേക്കബ്‌സ് എന്ന യുവകർഷകനാണ് പ്രദേശത്ത് ആദ്യമായി വജ്രം കണ്ടെത്തിയത്. 2019ൽ മാത്രം 7.2 ദശലക്ഷം കാരറ്റ്​ വജ്രമാണ്​ ദക്ഷിണാ​ഫ്രിക്കയിൽ ഉൽപാദിപ്പിച്ചത്​