മലപ്പുറം: ഏലംകുളത്ത് യുവതിയെ വീട്ടിൽ കയറി കൊലപ്പെടുത്തി പ്രതി വിനീഷ് കുറ്റകൃത്യം നടത്തിയത് വളരെ ആസൂത്രിതമായി. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് ആദ്യം ദൃശ്യയുടെ അച്ഛന്റെ പെരിന്തൽമണ്ണയിലെ കളിപ്പാട്ടകടയ്‌ക്ക് തീയിട്ടു. തീയണയ്‌ക്കുന്നതിനും മറ്റുമായി വീട്ടുകാർ പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വിനീഷ് ദൃശ്യയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദൃശ്യയെ ശല്യം ചെയ്‌തതിന് വിനീഷിനെ മൂന്ന്മാസം മുൻപ് താക്കീത് ചെയ്‌തിരുന്നതായി മലപ്പുറം എസ്.പി സുജിത് ദാസ് അറിയിച്ചു.
വിനീഷിന്റെ ആക്രമണത്തിൽ ദൃശ്യ (21) കൊല്ലപ്പെടുകയും രക്ഷിക്കാൻ ശ്രമിച്ച സഹോദരി ദേവശ്രീ (13) കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്ളസ്‌ടുവിന് ഒരുമിച്ച് പഠിച്ചിരുന്ന കാലത്ത് പെരിന്തൽമണ്ണ മുട്ടുങ്ങൽ സ്വദേശിയായ വിനീഷ് വിനോദിന് (21) ദൃശ്യയെ പരിചയമുണ്ടായിരുന്നു. അന്നുമുതൽ പലവട്ടം ഇയാൾ ദൃശ്യയോട് പ്രണയാഭ്യർത്ഥന നടത്തി. ഇയാളുടെ ശല്യം സഹിക്കാനാകാതെ ദൃശ്യ വീട്ടുകാരോട് വിവരം പറഞ്ഞു. വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയും ചെയ്‌തു. തുടർന്ന് പൊലീസ് ഇയാളെ താക്കീത് ചെയ്‌തിരുന്നു. തുടർന്നാണ് ഇയാൾ കൊല നടത്തിയത്.
ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ കടയിൽ അഗ്നിബാധയുണ്ടായപ്പോൾതന്നെ സംശയം ഉയർന്നിരുന്നതായി ദൃശ്യയുടെ ബന്ധുക്കൾ പറയുന്നു. കടയിലെ ഗോഡൗണിൽ നിന്നാണ് തീപിടിത്തം ആദ്യമുണ്ടായത്. എന്നാൽ ഇവിടെ ഷോർട്‌സർക്യൂട്ടിന് കാരണമാകുന്നതൊന്നും ഉണ്ടായിരുന്നില്ല. ഇത് സംശയം ബലപ്പെടുത്തി. പൊലീസ് കസ്‌റ്റഡിയിലുളള വിനീഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്.