തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ നിൽക്കുകയും, പ്രതിദിന കൊവിഡ് രോഗികളിൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തുകയും ചെയ്യുന്ന തലസ്ഥാന ജില്ലയിലെ കൊവിഡ് കേസുകളുടെ 13 ശതമാനവും തമിഴ്നാട്ടിൽ നിന്നുള്ളവർ. അതായത്, ഒരു ദിവസം 1500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ അതിൽ 200 പേരും തമിഴ്നാട്ടിൽ നിന്നുള്ളവരാണെന്ന് സാരം.
പ്രതിദിനം 100 പേർ
അതിർത്തിപ്രദേശമായ കന്യാകുമാരിയിൽ നിന്ന് ഓരോ ദിവസവും തിരുവനന്തപുരത്തേക്ക് കൊവിഡ് പരിശോധനയ്ക്കായി എത്തുന്നത് നൂറിലധികം പേരാണ്. ഇവരിൽ പലരും കേരളത്തിലെ താൽക്കാലിക മേൽവിലാസമാണ് കൊവിഡ് പരിശോധനയ്ക്കായി നൽകുന്നതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നു.
അതേസമയം, കന്യാകുമാരി ജില്ലയിൽ നിന്ന് യഥാത്ഥർത്ഥ രേഖകളുമായി പരിശോധനയ്ക്ക് എത്തുന്നവരെ മടക്കി അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവരോട് സ്വന്തം ജില്ലയിൽ പോയി പരിശോധന നടത്താനാണ് നിർദ്ദേശിക്കാറുള്ളത്. കഴിഞ്ഞ ഒരു ദശാബ്ദ കാലമായി കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ തെക്കൻ ജില്ലകളിൽ നിന്ന് ധാരാളം പേർ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മാർഗനിർദ്ദേശം അനുസരിച്ച് കൊവിഡ് പരിശോധനയ്ക്ക് എത്തുന്നവർ ആധാർ കാർഡ് ഹാജരാക്കണം. എന്നാൽ, സർക്കാർ -സ്വകാര്യ മേഖലയിലെ ടെസ്റ്റിംഗ് സെന്ററുകളിൽ പലതും ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ തിരിച്ചറിയൽ കാർഡോ ആണ് നൽകുന്നത്. തിരിച്ചറിയൽ രേഖ ആവശ്യപ്പെടാത്ത പരിശോധനാ കേന്ദ്രങ്ങളുമുണ്ട്.പരിശോധനയ്ക്ക് ശേഷം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പോസിറ്രീവാണെന്ന വിവരം ഫോണിലൂടെ ആ വ്യക്തിയെ അറിയിക്കും. അതിനുശേഷം മാത്രമേ തിരിച്ചറിയൽ രേഖകൾ അടക്കം ഹാജരാക്കാൻ ആവശ്യപ്പെടുകയുള്ളൂ.
കേരള - തമിഴ്നാട് അതിർത്തിയിൽ താമസിക്കുന്ന പലർക്കും ഇരുസംസ്ഥാനങ്ങളിലും മേൽവിലാസം ഉണ്ടെന്ന് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്. അതുകൊണ്ടു തന്നെ പരിശോധനയ്ക്ക് പലരും കേരളത്തിലെ വിലാസമാണ് ഹാജരാക്കുക. എന്നാൽ, ഇവരുടെ സ്ഥിരം മേൽവിലാസം തമിഴ്നാട്ടിലേതും ആയിരിക്കും. കേരളത്തിലെ വിലാസം ഹാജരാക്കുന്നതിനാൽ തന്നെ തിരുവനന്തപുരത്തെ രോഗികളുടെ പട്ടികയിൽ ആയിരിക്കും ഇവരെ ഉൾപ്പെടുത്തുക. ഇത്തരത്തിൽ 200 പോസിറ്റീവ് കേസുകൾ പ്രതിദിനം തിരുവനന്തപുരത്തിന്റെ കണക്കിൽ ഉൾപെടുന്നുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
ഏറ്റവും കൂടുതൽ പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതും തലസ്ഥാന ജില്ലയിൽ ആണെന്നതാണ് മറ്റൊരു വസ്തുത. സംസ്ഥാനത്ത് ആകെ നടക്കുന്ന പരിശോധനകളുടെ ഏഴിലൊന്നും തിരുവനന്തപുരത്താണെന്നാണ് ജില്ലാമെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു പറയുന്നു. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ ആയിരുന്നു. ബുധനാഴ്ച ഇത് 12 ശതമാനത്തിൽ എത്തിയിരുന്നു. തിരുവനന്തപുരവും പാലക്കാടും തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ തന്നെ ഇവിടങ്ങളിലുള്ള തമിഴ്നാട്ടുകാരും ഈ രണ്ട് ജില്ലകളിലെയും കൊവിഡ് രോഗികളുടെ കണക്കിൽ ഉൾപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) ചൂണ്ടിക്കാട്ടുന്നു.
മരണങ്ങളുടെ ഓൺലൈൻ
റിപ്പോർട്ടിംഗ് തുടങ്ങി
കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പരാതികൾ പരിഹരിക്കാനുള്ള ജില്ലാതല ഓൺലൈൻ സംവിധാനം നിലവിൽ വന്നു. ഓൺലൈൻ റിപ്പോർട്ടിംഗ് പോർട്ടലിലൂടെയാണ് ഇപ്പോൾ മരണം റിപ്പോർട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും. ഓൺലൈൻ മാർഗത്തിലൂടെയാകുമ്പോൾ കൊവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം കുറയ്ക്കാൻ സാധിക്കും. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കൽ സൂപ്രണ്ടോ മരണകാരണം വ്യക്തമാക്കിയുള്ള ഓൺലൈൻ മെഡിക്കൽ ബുള്ളറ്റിൻ തയ്യാറാക്കേണ്ടത്. അവർ തന്നെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇത് ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്.