മുംബയ്: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ കേസിൽ മുൻ മുംബയ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുംബയ് പൊലീസിലെ ഏറ്റുമുട്ടൽ വിദഗ്ദ്ധനായിരുന്ന പ്രദീപ് ശർമയെയാണ് എൻ.ഐ.എ ഇന്നലെ പിടികൂടിയത്. സ്ഫോടകവസ്തുക്കളടങ്ങിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ടതിലും പ്രദീപിന് പങ്കുണ്ടെന്നാണ് വിവരം. കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പൊലീസുകാരനാണ് പ്രദീപ്. നേരത്തെ മുൻ മുംബയ് പൊലീസ് ഉദ്യോഗസ്ഥരായ സച്ചിൻ വാസെ, റിയാസുദ്ദീൻ ഖാസി, സുനിൽ മാനെ, കോൺസ്റ്റബിൾ വിനായക് ഷിൻഡെ എന്നിവരെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവരെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ സന്തോഷ് ഷേലാറും പ്രദീപ് ശർമയും തമ്മിൽ ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. എൻ.ഐ.എ സംഘം ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ പ്രദീപ് ശർമയുടെ അന്ധേരിയിലെ വീട്ടിൽ റെയ്ഡ് നടത്തി. ആറു മണിക്കൂറോളം പരിശോധന നീണ്ടു. ഇതിന് ശേഷം പ്രദീപ് ശർമയെ ചോദ്യം ചെയ്യാനായി എൻ.ഐ.എ ഓഫീസിലേക്ക് കൊണ്ടുപോവുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാളെ ഏപ്രിലിലും എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. അതേസമയം, താനും സന്തോഷ് ഷേലാറും തമ്മിലുള്ള ഫോട്ടോകൾ പുറത്തുവന്നതിൽ അസ്വാഭാവികതയില്ലെന്നാണ് പ്രദീപ് ശർമയുടെ വിശദീകരണം. സന്തോഷ് പൊലീസിന്റെ വിവരദായകനായിരുന്നുവെന്നും ഇയാളുമൊത്തുള്ള ഫോട്ടോകൾക്ക് മറ്റ് അർത്ഥങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബയ് പൊലീസിൽ സച്ചിൻ വാസെയുടെ മാർഗദർശിയായാണ് പ്രദീപ് ശർമ അറിയപ്പെട്ടിരുന്നത്.1983ൽ സബ് ഇൻസ്പെക്ടറായി മുംബയ് പൊലീസിൽ ചേർന്ന പ്രദീപ് ശർമ 300ൽ പരം ഏറ്റുമുട്ടലുകളിൽ പങ്കാളിയായിട്ടുണ്ട്. ഇതിൽ 113 എണ്ണത്തിന് നേതൃത്വം നൽകി. 2019ൽ സ്വയംവിരമിച്ച പ്രദീപ് ശർമ ശിവസേനയിൽ ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.