ggg

നാഗർകോവിൽ: ശുചീന്ദ്രത്ത് മദ്യലഹരിയിൽ നാലംഗസംഘം യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. ശുചീന്ദ്രം പറക്ക ചർച്ച് തെരുവ് സ്വദേശി അയ്യപ്പനെ (24) കൊലപ്പെടുത്തിയ കേസിലണ് തെങ്ങം പുത്തൂർ സ്വദേശി സ്റ്റാലിൻ (31), സുരേഷ് (32), ഉതടൻക്കുടിയിരിപ്പ് സ്വദേശി പ്രഭു (32), കോട്ടാർ വടലിവിള സ്വദേശി അയ്യപ്പൻ (32) എന്നിവർ പിടിയിലായത്. കന്യാകുമാരി ഡി.എസ്.പി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമായ എസ്.ഐ സുരേഷ് കുമാറിന്റെ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുത്തേറ്റ അയ്യപ്പന്റെ സുഹൃത്ത് സന്തോഷ് (24) ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യപ്പനും സന്തോഷും പ്രതികൾ റോഡരികിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വാക്കേറ്റത്തിൽ സംഘത്തിലൊരാൾ അയ്യപ്പനെയും സന്തോഷിനെയും കുത്തുകയായിരുന്നു. ഇതിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. നാട്ടുകാരാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ ശുചീന്ദ്രം പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.