ന്യൂഡൽഹി: കുട്ടികളിൽ കൊവിഡ് പ്രതിരോധത്തിനുള്ള നൊവാവാക്‌സ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം അടുത്തമാസം ആരംഭിക്കും. ജൂലായോടെ സീറം ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചേക്കുമെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്ന നാലാമത്തെ വാക്‌സിനാണ് നൊവാവാക്‌സ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് 12- 18 വയസുവരെയുള്ള കുട്ടികളിൽ ഇതിനോടകം തന്നെ ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു.
സൈകോവ്ഡി വാക്‌സിൻ നിർമാതാക്കളായ സൈഡസ് കാഡിലയും കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ 12 വയസ് മുതലുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകുന്നതിന് അനുമതി നൽകിയിട്ടുണ്ട്.