kk

കോപ്പൻഹേഗൻ: :യൂറോ കപ്പിൽ ഇന്ന് ബെൽജിയവുമായി രണ്ടാമത്തെ മത്സരത്തിനിറങ്ങുകയാണ് ഡെൻമാർക്ക്. ഫിൻലൻഡിനെതിരായ ആദ്യ മത്സരത്തിനിടെയാണ് ഡെൻമാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്‌സൻ ഹൃദയാഘാതത്തെ തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. അപകട നില തരണം ചെയ്ത് ആശുപത്രിയിൽ ചികിത്സയിലുള്ള എറിക്സൺ സുഖം പ്രാപിച്ചുവരികയാണ്.

ഇന്ന് നടക്കുന്ന മത്സരത്തിനിടെ എറിക്‌സന് ആദരമർപ്പിക്കാൻ ഒരുങ്ങുകയാണ് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. ഇരു ടീമുകൾക്കും കാണികൾക്കും ആദരമർപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഭാഗമായി ബെൽജിയം ടീം മത്സരത്തിന്റെ പത്താം മിനിട്ടിൽ പന്ത് പുറത്തേയ്ക്കടിക്കും. എറിക്‌സന്റെ ജെഴ്‌സി നമ്പർ പത്താണ്. ഇന്റർ മിലാനിൽ എറിക്‌സന്റെ സഹതാരമായ ബെൽജിയത്തിന്റെ റൊമേലു ലുകാകുവാണ് ഇക്കാര്യം അറിയിച്ചത്. ഇരു ടീമുകളും സംയുക്തമായാണ് ആദരമർപ്പിക്കുകയെന്ന് ലുകാകു പറഞ്ഞു. ഇന്ത്യൻ സമയം 9.30നാണ് മത്സരം.

റഷ്യയ്‌ക്കെതിരായ മത്സരത്തിൽ നേടിയ ഗോൾ ലുകാകു എറിക്‌സന് വേണ്ടിയാണ് ഗോൾ സമർപ്പിച്ചത്. മത്സരത്തിൽ ബെൽജിയം മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റഷ്യയെ തകർത്തത്.

എറിക്‌സൻ കുഴഞ്ഞുവീണതിനെ തുടർന്ന് നിർത്തിവച്ച് മത്സരം പുനരാരംഭിച്ചപ്പോൾ ഡെൻമാർക്ക് ഫിൻലൻഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.