dhanush

നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങുന്ന, തമിഴ് സൂപ്പർതാരം ധനുഷിന്റെ ചിത്രമായ 'ജഗമേ തന്തിര'ത്തിന് ആശംസകളുമായി മാർവൽ സിനിമകളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ്. 'സൂപ്പർ ഡാ തമ്പി' എന്നുപറഞ്ഞുകൊണ്ട് ട്വിറ്റർ വഴിയാണ് റൂസോ സഹോദരന്മാരായ ആന്തണി റൂസോയും ജോസഫ് റൂസോയും നടന് ആശംസകൾ നൽകിയത്. ചിത്രത്തിന്റെ ട്രെയിലറും സംവിധായകർ പങ്കുവച്ചിട്ടുണ്ട്.

തങ്ങളുടെ പുതിയ ചിത്രമായ 'ദ ഗ്രേ മാനി'ൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധനുഷിനൊപ്പം പ്രവർത്തിക്കാൻ ഏറെ സന്തോഷമുണ്ടെന്നും സംവിധായകർ തങ്ങളുടെ ട്വീറ്റിലൂടെ പറയുന്നുണ്ട്. മലയാളി നടനായ ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Super da thambi! Excited to be working with @dhanushkraja and good luck with #JagameThandhiram @karthiksubbaraj @StudiosYNot
Watch the trailer HERE: https://t.co/ERrt7vfNy8

— Russo Brothers (@Russo_Brothers) June 17, 2021

റയാൻ ഗോസ്ലിങ്ങ്, ക്രിസ് ഇവാൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ദ ഗ്രേ മാൻ' നെറ്റ്ഫ്ലിക്സ് വഴിയാണ് പുറത്തിറങ്ങുക. ചിത്രത്തിൽ ധനുഷ് ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം.

വാൾട്ട് ഡിസ്‌നി കമ്പനിയുടെ കീഴിലുള്ള മീഡിയാ ഫ്രാൻഞ്ചൈസായ മാർവലിന്റെ സൂപ്പർഹീറോ ചിത്രങ്ങളായ 'ക്യാപ്‌റ്റൻ അമേരിക്ക: ദ വിന്റർ സോൾജ്യർ', 'ക്യാപ്‌റ്റൻ അമേരിക്ക: സിവിൾ വാർ', 'അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ', 'അവഞ്ചേഴ്‌സ്: എൻഡ്ഗെയിം' എന്നിവ സംവിധാനം ചെയ്തത് റൂസോ സഹോദരന്മാരാണ്. ലോകമാകമാനം പ്രദർശനവിജയം നേടിയ ചിത്രങ്ങൾ പല കളക്ഷൻ റെക്കോർഡുകളും തകർത്തിരുന്നു.

content details: russo brothers wishes good luck to dhanush for jagame thanthiram releasing throough netflix.