sputnik-

മോസ്‌കോ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് രണ്ടാംതരംഗത്തിന് ഇടയാക്കിയ കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാൻ സ്പുട്നിക് വിയുടെ ബൂസ്റ്റര്‍ ഷോട്ട് പുറത്തിറക്കുന്നു. പ്രത്യേകമായി തയ്യാറാക്കിയ ബൂസ്റ്റര്‍ ഷോട്ട് ഉടന്‍ വിപണിയിൽ ലഭ്യമാകും. മറ്റ് വാക്സിന്‍ നിര്‍മാതാക്കള്‍ക്കും ഈ ബൂസ്റ്റര്‍ ഷോട്ട് ലഭ്യമാക്കുമെന്ന് സ്പുട്നിക് വിയുടെ നിര്‍മാതാക്കളായ റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി.

ഡെല്‍റ്റ വകഭേദത്തിന് ബൂസ്റ്റര്‍ ഷോട്ട് എത്രമാത്രം ഫലപ്രദമാകുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ലോകത്തിന് തന്നെ വലിയ ഭീഷണി സൃഷ്ടിച്ചുകൊണ്ട് വ്യാപിക്കുകയാണ് ഡെല്‍റ്റ വകഭേദം അഥവാ ബി.1.617.2.

ഇന്ത്യയില്‍ നിലവില്‍ വിതരണം ചെയ്യാൻ അനുമതി ലഭിച്ച വാക്‌സിനുകളിലൊന്നാണ് സ്പുട്‌നിക് വാക്‌സിന്‍. ആര്‍.ഡി.ഐ.എഫിന്റെ പിന്തുണയോടെ ഗമേലിയ നാഷണല്‍ സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്‍ഡ് മൈക്രോ ബയോളജിയാണ് സ്പുട്നിക് വി വാക്‌സിന്‍ വികസിപ്പിച്ചത്. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയില്‍ സ്പുട്നിക് വിയ്ക്ക് അടിയന്തര ഉപയോഗത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് സ്പുട്നിക് വാക്സിന്റെ കൂടുതൽ ഡോസുകൾ ഉടൻ ഇന്ത്യയിലെത്തുമെന്ന് ഇവിടുത്തെ വിതരണക്കാരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചിരുന്നു.