rajappan

കോട്ടയം: മൻ കീ ബാത്തിൽ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തുവെന്നാണ് രാജപ്പന്‍റെ ആരോപണം. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി.

ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്ന് കോട്ടയം എസ് പിക്ക് രാജപ്പൻ പരാതി നൽകി. പരാതി ഡി വൈ എസ് പി അന്വേഷിക്കുമെന്ന് കോട്ടയം എസ് പി, ഡി ശിൽപ പറഞ്ഞു. തന്‍റെ അറിവില്ലാതെ അക്കൗണ്ടില്‍നിന്ന് 5,08,000 രൂപ പിന്‍വലിക്കുകയും തന്‍റെ രണ്ടു വള്ളങ്ങള്‍ കൈക്കലാക്കുകയും ചെയ്‌തതതായി രാജപ്പന്‍ പരാതിയില്‍ പറയുന്നു.

മന്‍ കീ ബാത്തില്‍ അഭിനന്ദനം ലഭിച്ചശേഷം നിരവധി സന്നദ്ധസംഘടനകള്‍ രാജപ്പന് സഹായവുമായി രംഗത്തെത്തി. തുടര്‍ന്ന് കുമരകം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എടുത്തു. വികലാംഗനായതിനാല്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് സഹോദരിയെ നോമിനിയായി വയ്‌ക്കാന്‍ ബാങ്ക് അധികൃതരോട് പറഞ്ഞു. 21 ലക്ഷം രൂപയോളം അക്കൗണ്ടില്‍ വന്നിരുന്നു. രണ്ടു വള്ളവും ലഭിച്ചു. ഇതോടെ തന്നെ സംരക്ഷിച്ചിരുന്ന സഹോദരന്‍റെ ഒപ്പം വിടാതെ സഹോദരി അവരുടെ വീട്ടില്‍ തടഞ്ഞുവച്ചു. അന്വേഷിച്ചുചെന്ന സഹോദരനെ സഹോദരീ ഭര്‍ത്താവ് ഉപദ്രവിക്കുകയും ചെയ്‌തുവെന്ന് രാജപ്പൻ പരാതിയിൽ പറയുന്നു.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍നിന്ന് ചെക്ക് വഴി മൂന്നുലക്ഷം രൂപ പിന്‍വലിച്ചിരുന്നു. സ്വന്തമായി വസ്‌തുവുണ്ടെങ്കില്‍ വീട് വച്ചുനല്‍കാമെന്ന് വ്യക്തികളും സംഘടനകളും പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബവിഹിതത്തില്‍ നിന്ന് മൂന്നുസെന്‍റ് വസ്‌തു സഹോദരങ്ങേളോട് ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരിയുടെ മകന് പത്തുലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ സ്ഥലം നല്‍കൂവെന്ന് സഹോദരി പറഞ്ഞതായി രാജപ്പൻ പറയുന്നു.

ഇത് സമ്മതിക്കാത്തതിനെതുടര്‍ന്ന് വഴക്ക് പതിവായിരുന്നു. ഇതിനുശേഷം ബാങ്കില്‍ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് രണ്ടു തവണയായി 5,0,8000 രൂപ പിന്‍വലിച്ച കാര്യം അറിഞ്ഞതെന്ന് രാജപ്പൻ പരാതിയിൽ പറയുന്നു. പണം അക്കൗണ്ടിൽ നിന്നെടുത്തത് രാജപ്പന് വീട് വച്ച് നൽകാനാണെന്നാണ് സഹോദരിയുടെ വാദം. എന്നാൽ, പണമെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും വീട് നിർമ്മാണത്തിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പൻ വേമ്പനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.