മലപ്പുറം: പ്രണയം നിരസിച്ചതിന് മലപ്പുറം പെരിന്തൽമണ്ണയിൽ കുത്തേറ്റ് മരിച്ച ദൃശ്യയുടെ അച്ഛന്‍റെ കടയ്ക്ക് തീയിട്ടത് പ്രതി വിനേഷ് തന്നെയെന്ന് പൊലീസ്. ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വിനേഷിനെ ചോദ്യം ചെയ്‌ത ശേഷമാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്‍റെ സി കെ സ്റ്റോര്‍സ് എന്ന കടയില്‍ ബുധനാഴ്‌ച രാത്രി തീപിടുത്തമുണ്ടായിരുന്നു. അച്ഛന്‍റെ ശ്രദ്ധ തിരിക്കാനായിരുന്നു വിനേഷ് ഇത് ചെയ്‌തതെന്നാണ് പൊലീസ് കണ്ടെത്തൽ. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഇന്നലെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ദൃശ്യയുടെ മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. ഇന്ന് വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു.
പ്രതിയുമായി സംഭവസ്ഥലത്ത് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പ് തുടങ്ങുക. കൊലനടന്ന സ്ഥലത്തും ദൃശ്യയുടെ അച്ഛന്‍റെ സ്ഥാപനത്തിലും തെളിവെടുപ്പ് ഉണ്ടായേക്കും. തെളിവെടുപ്പിന് ശേഷം ഇന്ന് പ്രതിയെ റിമാൻഡ് ചെയ്തേക്കും.
വിനേഷ് ദൃശ്യയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും രണ്ടാം നിലയിലെ മുറിയിലെത്തി ആക്രമിക്കുകയുമായിരുന്നു. കൈയിലുള്ള കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. തടയാന്‍ ചെന്ന സഹോദരിക്കും ഗുരുതരമായി പരുക്കേറ്റു. പ്രതി ഉപയോഗിച്ച കത്തി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു.