മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓണത്തിന് ചിത്രം തീയേറ്ററുകളിലെത്തും. കൊവിഡ് മഹാമാരിക്കിടെ പലതവണ റിലീസ് തീയതി മാറ്റിയശേഷമാണ് ചിത്രം ഓണം റിലീസായി ഓഗസ്റ്റ് പന്ത്രണ്ടിന് പുറത്തിറങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്നേഹത്തോടെ, നിറഞ്ഞ മനസോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസായി "മരക്കാർ അറബിക്കടലിന്‍റെ സിംഹം" നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്. അതിനു നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
തിയേറ്ററിൽ എത്തുന്നതിനും മുമ്പ് തന്നെ മികച്ച ഫീച്ചർ ഫിലിമിനുളള അവാർഡ് അടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ ചിത്രം നേടിയിരുന്നു. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേർന്നതോടെ റിലീസ് തീയതി മാറ്റിവയ്‌ക്കുകയായിരുന്നു.
ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരയ്ക്കാർ മാർച്ച് മാസം റിലീസ് ചെയ്യാൻ നിശ്‌ചയിച്ചിരുന്നെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും രണ്ടു തവണ മാറ്റിവയ്‌ക്കേണ്ടി വന്നു. ചിത്രത്തിൽ മോഹൻലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്.