arya-rajendran

​​​തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് ഭരണസമിതി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം കൗൺസിൽ യോഗം ചേർന്ന് വോട്ടിനിട്ട് തള്ളി. കൊവിഡ് നിയന്ത്രണങ്ങൾ വകവയ്ക്കാതെ ബി ജെ പിയുടെ ആവശ്യപ്രകാരം കോർപറേഷനിൽ വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗം ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ വാക്‌പോരിനും വേദിയായി. യു ഡി എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ നടുത്തളത്തിലിറങ്ങിയും തുടർന്ന് കോർപ്പറേഷന് മുന്നിലും പ്രതിഷേധിച്ചു.

ബി ജെ പിയിലെ 33 അംഗങ്ങൾ അന്വേഷണം ആവശ്യപ്പെട്ട് വോട്ട് ചെയ്തു. എൽ ഡി എഫിലെ 54 അംഗങ്ങൾ എതിർത്ത് വോട്ടു ചെയ്തതോടെയാണ് ആവശ്യം തള്ളിയത്. പൊങ്കാല നടന്നില്ലെങ്കിലും പൊങ്കാല മാലിന്യം മാറ്റാനെന്ന പേരിൽ 21ടിപ്പറുകൾ വാടകയ്ക്ക് എടുത്തെന്ന കണക്ക് അഴിമതിയാണെന്നായിരുന്നു ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ആരോപണം. പൊങ്കാല കഴിഞ്ഞ് വാർഡുകളിൽ പ്രത്യേക ശുചീകരണം നടത്തി മാലിന്യം മാറ്റിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എൽ.ഡി.എഫിന്റെ പ്രതിരോധം.

ഇക്കഴിഞ്ഞ ജനുവരി 27ന് ചേർന്ന യോഗത്തിൽ പൊതുനിരത്തിൽ പൊങ്കാല വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നിട്ടാണ് ശുചീകരണത്തിന് വാഹനങ്ങളെടുക്കാൻ മേയർ മുൻകൂർ അനുമതി നൽകിയതെന്ന് ബി.ജെ.പി കക്ഷി നേതാവ് എം.ആർ. ഗോപൻ പറഞ്ഞു.

മേയർ മുൻകൂർ അനുമതി നൽകുന്ന വിഷയങ്ങൾ തൊട്ടടുത്ത കൗൺസിലിൽ തന്നെ അവതരിപ്പിച്ച് അംഗീകാരം വാങ്ങണമെന്ന നിയമം ഇക്കാര്യത്തിൽ പാലിച്ചില്ലെന്ന് യു.ഡി.എഫ് കക്ഷി നേതാവ് പി. പദ്മകുമാർ പറഞ്ഞു. പൊതുനിരത്തിലെ പൊങ്കാല ഒഴിവാക്കാൻ 27ന് തീരുമാനിച്ചെങ്കിലും ക്ഷേത്ര വളപ്പിൽ പൊങ്കാല അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ക്ഷേത്രോത്സവം തുടങ്ങിയ ശേഷമാണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല ഒതുക്കാൻ തീരുമാനിച്ചത്. ശുചീകരണത്തിന് ആവശ്യമായ നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നതായും മേയർ ആര്യാ രാജേന്ദ്രൻ മറുപടി നൽകി. പൊങ്കാല കഴിഞ്ഞശേഷം തങ്ങളുടെ വാർഡുകൾ ശുചീകരണം നടത്തുകയും മാലിന്യം മാറ്റുകയും ചെയ്തതായി കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ, സുലോചനൻ, രാഖി രവികുമാർ എന്നിവർ ചൂണ്ടിക്കാട്ടി.

കൊവിഡിനിടെ കൗൺസിൽ,

വിമർശിച്ച് സി പി ഐ

കോർപറേഷൻ പരിധിയിൽ ഭാഗിക ലോക്ക് ഡൗൺ നിലനിൽക്കേ കൊവിഡ് മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് പ്രത്യേക കൗൺസിൽ വിളിച്ചുചേർക്കാനുള്ള മേയറുടെ തീരുമാനത്തിനെതിരെ സി പി ഐ മുൻ ഡെപ്യൂട്ടി മേയർ കൂടിയായ രാഖി രവികുമാർ കൗൺസിൽ യോഗത്തിൽ വിമർശിച്ചു. ഇതുപോലൊരു വിഷയത്തിന്മേൽ ഇപ്പോൾ പ്രത്യേക കൗൺസിലിൽ വിളിച്ചുചേർക്കേണ്ടതിന്‍റെ ആവശ്യമുണ്ടായിരുന്നോയെന്ന് മേയറോട് രാഖി ചോദിച്ചു. ഇതിന് ശേഷമാണ് ചർച്ചയിലേക്ക് രാഖി കടന്നത്. കൗൺസിൽ ഹാളിൽ സാമൂഹിക അകലം പാലിച്ച് കൗൺസിലർമാർക്ക് ഇരിപ്പടം സജ്ജീകരിച്ചിരുന്നെങ്കിലും 98 കൗൺസിലർമാരും മാദ്ധ്യമ പ്രവർത്തകരും കോർപറേഷൻ ജീവനക്കാരുമടക്കം 150 ഓളം പേരാണ് ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ ഹാളിനുള്ളിൽ ഉണ്ടായിരുന്നത്.