skin

കൊതുക് ജന്യരോഗങ്ങളും വെള്ളത്തിലൂടെ പകരുന്ന മറ്റ് രോഗങ്ങളും കൊണ്ട് മഴക്കാലം വലിയ പ്രശ്‌നത്തിലാണ്. കൊതുക്, ഈച്ച, പ്രാണികൾ എന്നിവയുടെ ആക്രമണം കൊണ്ട് പൊറുതിമുട്ടുന്ന കാലം കൂടിയാണിത്.

മഴക്കാലം ചർമ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ചും ത്വക്ക് രോഗങ്ങളെക്കുറിച്ചും നമ്മൾ അറിയേണ്ടതുണ്ട്.

ഒരു പുറംഭിത്തി പോലെയാണ് ത്വക്ക് നമ്മളെ സംരക്ഷിക്കുന്നത്. ഈർപ്പം പിടിച്ചാൽ ഭിത്തിക്കുണ്ടാകുന്ന കേട് പോലെ തന്നെ തൊലിയുടെ കെട്ടുറപ്പ് നഷ്ടപ്പെടുകയും അതിലൂടെ ഫംഗസ്, ബാക്ടീരിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു.

 ഫംഗസ് കാരണമുള്ള അണുബാധ

വളംകടി
കാൽ വിരലിന്റെ ഇടയിൽ വെള്ളം കെട്ടിനിന്ന് തൊലി അഴുകി അതുവഴി പൂപ്പൽ ബാധയുണ്ടാകുന്നതാണ് വളംകടി. ചൊറിച്ചിലും പുകച്ചിലുമാണ് പ്രധാന ലക്ഷണം. ചുവന്ന പാടുകളായോ മൊരിച്ചിലായോ അല്ലെങ്കിൽ വിണ്ടുകീറലായോ കാണാം.
കാലിൽ ഈർപ്പം തങ്ങിനിൽക്കുന്ന ചെരുപ്പുകൾ ഒഴിവാക്കി തുറന്ന ചെരുപ്പുകൾ ഉപയോഗിക്കുക. നനഞ്ഞ കാൽ വൃത്തിയുള്ള, കഴുകിയുണക്കിയ തുണികൊണ്ട് ഒപ്പി, ഉണക്കി വൃത്തിയാക്കി വയ്ക്കുക. നനഞ്ഞ ചെരുപ്പും കഴുകി ഉണക്കുക.

നഖത്തിലെ ഫംഗൽ രോഗം
എപ്പോഴും വെള്ളത്തിൽ നനയുന്ന പ്രവർത്തിചെയ്യുന്നവരിൽ സാധാരണയായി കാണുന്നു. പ്രമേഹരാേഗികളിൽ ഇത് കൂടുതലായി കാണാം.

നഖച്ചുറ്റ്
നഖത്തിലുണ്ടാകുന്ന ഫംഗൽ രോഗത്തിന്റെ കൂടെയോ അതില്ലാതെയോ നഖത്തിന് ചുറ്റുമുള്ള ഭാഗം പഴുത്തു വരാം. ദീർഘനേരം വെള്ളത്തിൽ ജോലി ചെയ്യുന്നവർ കൈ മുടി കിടക്കുന്ന ഗ്ലൗസ് ഇട്ട് വെള്ളം അതിനകത്ത് കയറാതെ ഭദ്രമാക്കി വയ്‌ക്കാൻ കഴിവതും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കടുത്തതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടുക.

വട്ടച്ചൊറി
ശരീരത്തിന്റെ മടക്കുകളിൽ ഈർപ്പം തങ്ങി നിൽക്കുമ്പോൾ ഉണ്ടാകുന്ന ഫംഗസ് ബാധയാണ് വട്ടച്ചൊറി. തുടയുടെ വശങ്ങളിൽ, കക്ഷത്തിൽ, മാറിടത്തിന്റെ അടിയിലൊക്കെയാണ് വരുന്നത്. ചൊറിച്ചിൽ, വട്ടം വട്ടമായി കാണുന്ന ചുവന്ന മൊരിച്ചിലോടു കൂടിയ പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ശരീരം വിയർക്കുകയോ നനയുകയോ ചെയ്താൽ ഡ്രസ്സ് മാറുക. രണ്ട് നേരം കുളിക്കുക. എന്നാൽ കഴിവതും സോപ്പ് ഉപയോഗിക്കാതിരിക്കുക.

അല്ലെങ്കിൽ വരൾച്ചയുണ്ടാക്കാത്ത സോപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

മോയ്ച്ചറൈസർ ലോഷൻ പുരട്ടുക, കാറ്റ് കൊള്ളിക്കുക, പൗഡർ പൂശുക.

അലർജിയുള്ളവരും ആസ്‌തയുള്ളവരും പൗഡർ ശ്രദ്ധിച്ച് വേണം ഉപയോഗിക്കാൻ.സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകൾ ഉപയോഗിക്കാതിരിക്കുക. ഫംഗസ് ബാധക്ക് ശമനമില്ലെങ്കിൽ തൈറോയ്ഡും ഷുഗർ ലെവലും പരിശോധിക്കുക.


ബാക്ടീരിയ കാരണമുള്ള അണുബാധ

വൃണം

സാധാരണയായി കുട്ടികളിൽ കാണുന്ന ബാക്ടീരിയ കാരണമുള്ള അണുബാധയാണിത്. പറ്റലുകളുമായി കാണുന്ന ചുവന്ന വട്ടത്തിലുള്ള മുറിവുകളായി കാണുന്നതോ അല്ലെങ്കിൽ കുമിളകളായി വന്ന് പൊട്ടി മുറിവ് ആകുന്നതോ ആണിത്. ഇത് പകരുന്ന അസുഖമാണ്. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.


രോമകൂപത്തിലെ പഴുപ്പ്

അമിത വിയർപ്പും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും കാരണം ഈർപ്പം തങ്ങിനിൽക്കുന്ന ഭാഗങ്ങളിൽ രോമം കൂപത്തിലുമുണ്ടാകുന്ന അണുബാധയാണിത്. എക്‌സൈസ് ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം.വിയപ്പിൽ നനഞ്ഞതും അഴുക്ക് വെള്ളത്തിൽ നനഞ്ഞാതുമായ വസ്ത്രങ്ങൾ മാറ്റുക. ശമനമില്ലെങ്കിൽ ആന്റിബയോട്ടിക് സോപ്പ് ഉപയോഗിക്കുക. മോയ്ച്ചറൈസർ ഉപയോഗിക്കുക. മറ്റ് രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.


ശ്രദ്ധിക്കാം ചില കാര്യങ്ങൾ

ഈർപ്പം തൊലിയുടെ സെൻസിറ്റിവിറ്റി കൂട്ടുകയും പുറമെ നിന്നുള്ള അലർജിക്ക് കാരണമായവയെ കടത്തിവിടുകയും ചെയ്യുന്നതിനാൽ രോഗം വഷളാകുന്നു. ശരീരം അധികനേരം നനഞ്ഞിരിക്കുന്നത് ചൊറിച്ചിൽ കൂട്ടാം.

തണുപ്പില്ലാത്ത അന്തരീക്ഷത്തിൽ കഴിയുക, നനഞ്ഞ വസ്ത്രം ഉടനെ മാറ്റുക, കുളിക്കുക,മോയ്ച്ചറൈസർ പുരട്ടുക. ചൊറിച്ചിൽ തുടങ്ങുമ്പോൾ തന്നെ അതിന് നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ കഴിക്കുക.

മുഖക്കുരു കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. തണത്ത കാലാസ്ഥ പഴുത്ത കുരുക്കൾ വരാനും കുരുക്കളുടെ എണ്ണം കൂടാനും കാരണമാകുന്നു. അധികം ഡ്രൈ ആകുന്ന ഫേസ് വാഷ് ഉപയോഗിക്കരുത്.

മുഖത്തും ശരീരത്തിലും കറുത്ത പാടുകളുള്ളവർ മഴക്കാലമാണെന്ന് കരുതി സൺഗ്ളാസ് ധരിക്കുന്നത് നിർത്തരുത്.

ഏത് കാലാവസ്ഥയിലും താരൻ വരാമെങ്കിലും ഈർപ്പം തങ്ങി നിൽക്കുന്നതും നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതും ഫംഗസ് ബാധയ്ക്ക് കാരണമായേയ്ക്കാം. താരൻ വഷളാകാനും ഇത് കാരണമാകുന്നു.
മഴക്കാലത്ത് കൊതുകുകളും പ്രാണികളും മുട്ടയിട്ട് പെരുകുന്നതിനാൽ അവ കടിച്ച് ഉണ്ടാകുന്ന രോഗങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
പൊന്തക്കാടുകൾ വെട്ടി വൃത്തിയാക്കി വയ്ക്കുക. ജനലുകളിൽ നെറ്റ് അടിക്കുക. ശരീരം മറഞ്ഞുകിടക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. കട്ടിലും സോഫയും ഉപയോഗിക്കുമ്പോൾ തട്ടി വൃത്തിയാക്കുക എന്നിവയാണ് ഇതിനുള്ള പ്രതിവധി.

ഡോ.വി.ആർ.ശാലിനി
ത്വക്ക് രോഗ വിദഗ്ദ്ധ,​
എസ്.യു.ടി ആശുപത്രി,​

പട്ടം,​ തിരുവനന്തപുരം