health-uty

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പരീക്ഷകൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. ഈ മാസം 21 മുതലാണ് പരീക്ഷ. വിദ്യാർത്ഥികൾക്ക് ആന്റിജൻ പരിശോധന നി‌ർബന്ധമാണ്. പരിശോധനയിൽ കൊവിഡ് പോസി‌റ്റീവായാൽ ആ വിദ്യാ‌ർത്ഥികൾക്ക് പ്രത്യേക മുറിയിൽ പരീക്ഷ നടത്തും. പരീക്ഷാ ഹാളിൽ ഓരോ വിദ്യാർത്ഥികളും തമ്മിൽ രണ്ട് മീ‌റ്റ‌ർ അകലമുണ്ടാകുമെന്ന് സർവകലാശാല അറിയിക്കുന്നു. ഇവ‌ർ 17 ദിവസത്തിന് ശേഷം പ്രിൻസിപ്പൽമാരെ വിവരം അറിയിക്കണം. ഇവരുടെ പ്രാക്‌ടിക്കൽ പിന്നീടാകും നടത്തുക.

രോഗലക്ഷണമുള‌ള വിദ്യാർത്ഥികൾ ആന്റിജൻ പരിശോധനയിൽ നെഗ‌റ്റീവായാലും ആർ‌ടി‌പി‌സി‌ആർ പരിശോധന കൂടി നടത്തണം. രോഗലക്ഷണമില്ലാത്തവർ ആന്റിജൻ പരിശോധന മാത്രം നടത്തിയാൽ മതി. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുൾപ്പടെയാണ് ഈ നിബന്ധനകൾ.

ഹോസ്‌റ്റലുകളിൽ എത്തുന്നതിന് മുൻപ് വിദ്യാ‌ർത്ഥികൾ ആന്റിജൻ പരിശോധന നടത്തണം. ഹോസ്‌റ്റലിൽ നിന്നും പരീക്ഷയെഴുതാൻ വരുന്നവരെ വീട്ടിൽ നിന്ന് വരുന്ന വിദ്യാർത്ഥികളുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും തീരുമാനമുണ്ട്. കോളേജ് തുറക്കുന്നത് ജൂലൈ ഒന്നിന് ശേഷം തീരുമാനമുണ്ടാകും. കോളേജ് തുറന്നാലും തിയറി ക്ളാസുകൾ ഓൺലൈനായിത്തന്നെയാകും നടക്കുകയെന്നും അറിയിപ്പുണ്ട്. ആദ്യം തുടങ്ങുക അവസാന വ‌ർഷ വിദ്യാർത്ഥികളുടെ ക്ളാസാകും. മറ്റുള‌ളവ‌‌ർക്ക് പടിപടിയായി ക്ളാസ് ആരംഭിക്കും.