പതിനായിരങ്ങൾ വിലയുള്ള ഇന്ത്യയിൽ തന്നെ അപൂർവ്വമായി കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം വീട്ടുമുറ്റത്തെ മാവിൽ കായ്ച്ചതിന്റെ അമ്പരപ്പിലാണ് ജബൽപൂരിലെ റാണി, സങ്കൽപ് പരിഹാർ ദമ്പതികൾ. ഇതോടെ മാവിന് ശക്തമായ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ദമ്പതികൾ. രണ്ട് മരങ്ങൾക്ക് കാവലായി നാല് സുരക്ഷാ ഉദ്യോഗസ്ഥരും ആറ് നായ്ക്കളുമാണുള്ളത്.
അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ വർഷം കിലോയ്ക്ക് 2.70 ലക്ഷം രൂപയ്ക്കാണ് ജാപ്പനീസ് മിയസാക്കി മാമ്പഴം വിറ്റ് പോയത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു ട്രെയിൻ യാത്രക്കിടെ സഹയാത്രികൻ നൽകിയ മാവിൻ തൈകൾ വീട്ടുവളപ്പിൽ നട്ടപ്പോൾ റാണിയും സങ്കൽപ്പും സ്വപ്നത്തിൽ പോലും കരുതിയില്ല, അത് തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന്. മാവിൻ തൈകളെ കുട്ടികളെപോലെ പരിപാലിക്കണം എന്ന ഉപദേശം നൽകിയാണ് സഹയാത്രികൻ പിരിഞ്ഞതെന്ന് ദമ്പതികൾ ഓർക്കുന്നു.
ഈ അത്യപൂർവ്വ മാവിൻ തൈകളെ ദാമിനി എന്ന ഓമനപ്പേരിലാണ് റാണിയും സങ്കൽപ്പും വിളിക്കുന്നത്. മിയാസാക്കി മാമ്പഴം കായ്ച്ചതറിഞ്ഞ് നിരവധി പേരാണ് ഓർഡർ നൽകാൻ ബന്ധപ്പെട്ടത്. ഗുജറാത്തിലെ വ്യവസായ പ്രമുഖൻ ഒരു മാമ്പഴത്തിന് 21,000 രൂപ വരെ വാഗ്ദാനം ചെയ്തുവെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, തങ്ങളുടെ ദാമിനിയെ ആക്കും വിൽക്കില്ലെന്ന നിലപാടിലാണ് ദമ്പതികൾ. ജാപ്പനീസ് നഗരമായ മിയസാക്കിയിലാണ് ഈ അത്യപൂർവ മാമ്പഴം ആദ്യം കൃഷി ചെയ്തത്. അങ്ങനെയാണ് മാമ്പഴത്തിന് മിയസാക്കി മാമ്പഴം എന്ന പേര് ലഭിച്ചത്.