തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് പാർട്ടി നേതാക്കളെക്കുറിച്ചുളള പരമ്പരാഗത സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതിയ നേതാവ് കൂടിയാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കലങ്ങിമറിഞ്ഞ കണ്ണൂരിലെ രാഷ്ട്രീയക്കളരിയിൽ പയറ്റിത്തെളിഞ്ഞ പാർട്ടി പ്രവർത്തകരുടെ സ്വന്തം കെ.എസ്. ബ്രണ്ണൻ കോളേജ് അടക്കിവാണ പാർട്ടിയുടെ സ്വന്തം നേതാവുപോലും ഇദ്ദേഹത്തിന്റെ കെെക്കരുത്തിന്റെ ചൂടറിഞ്ഞിട്ടുണ്ടെന്ന സംസാരം പരസ്യമായും രഹസ്യമായും പലരും പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ആരോഗ്യത്തിന്റെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് സുധാകരൻ.
താൻ ചെറുപ്പകാലത്ത് തുടങ്ങിയ വ്യായാമം ഇതുരെ മുടക്കിയിട്ടില്ലെന്ന് സുധാകരൻ പറയുന്നു. കുറഞ്ഞത് രണ്ട് മണിക്കൂർ ദിവസവും വ്യായാമം ചെയ്യും. ജിമ്മിൽ പരിശീലനം തുടങ്ങിയത് തൊണ്ണൂറിൽ ആണ്. കണ്ണൂരിലെ വീട്ടിൽ എല്ലാ സംവിധാനങ്ങളോടും കൂടി ജിമ്മുണ്ട്. പേട്ട കവടിയാൽ റോഡിലെ വാടക വീട്ടിലും ജിം സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസവും രാവിലെ അറുമണിക്ക് എണീക്കും. ഇരുപത്തിയഞ്ച് മിനിറ്റ് നടത്തത്തിനു ശേഷം വ്യായാമം. ചെറുമീനുകളാണ് ഇഷ്ടമെന്നും ഉച്ചയൂണിന് മീനുണ്ടെങ്കിൽ കുശാലായെന്നും അദ്ദേഹം പറയുന്നു. ഊണുകഴിഞ്ഞാൽ പത്തുമിനിറ്റ് ഉറക്കം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ 12 മണികഴിയും.
കണ്ണൂർ ജില്ലയിൽ എവിടെ പരിപാടിയുണ്ടെങ്കിലും വീട്ടിലെ ഭക്ഷണം മാത്രമേ കഴിക്കൂ. വയനാട്ടിലെ കേളു വെെദ്യന്റെ പച്ചമരുന്നു ചികിത്സയാണ് ആരോഗ്യ രഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മലയാളം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ തന്റെ ആരോഗ്യ രഹസ്യവും ചിട്ടകളും തുറന്ന് പറഞ്ഞത്.