girl

പാലക്കാട്: രണ്ട് വർഷം മുൻപ് പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്നും കാണാതായ പതിനാല് വയസുകാരിയെ കണ്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ ഇപ്പോൾ പതിനാറ് വയസുള‌ള കുട്ടിയെയും ഒപ്പം നാല് മാസം പ്രായമുള‌ള പെൺകുഞ്ഞിനെയും തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്ന യുവാവിനുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ഇയാളുള‌ള സ്ഥലം പൊലീസ് മനസിലാക്കിയതായാണ് സൂചന. ഊർജ്ജിതമായ അന്വേഷണമാണ് നടക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിവൈ‌എസ്‌പി സി.ജോൺ അറിയിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും ചില ബന്ധുക്കളുടെ അറിവോടെയാണ് യുവാവിനൊപ്പം പോയതെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മധുരയിലെ വാടകവീട്ടിൽ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞുവരികയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകി.

ജില്ലാ ക്രൈംബ്രാഞ്ചും സൈബർ സെല്ലും നടത്തിയ ശാസ്‌ത്രീയമായ അന്വേഷണത്തിലാണ് കുട്ടിയെ കുറിച്ച് സൂചന ലഭിച്ചത്. കുട്ടിയ്‌ക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഗുരുതരമായ കുറ്റമായാണ് കണക്കാക്കുക. പെൺകുട്ടിയുടെ അമ്മയുടെ ഒപ്പം ജോലിചെയ്‌തിരുന്ന യുവാവിനൊപ്പമാണ് മധുരയിൽ കുട്ടി താമസിച്ചിരുന്നത്.