mani-c-kappan

കോട്ടയം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി. കാപ്പൻ. കോൺഗ്രസ് നേതൃത്വം വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ തനിക്ക് അഭിപ്രായഭിന്നത ഇല്ല. അതേസമയം തിരഞ്ഞെടുത്ത രീതിയോട് വിയോജിപ്പ് ഉണ്ടെന്ന് കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കാപ്പൻ തുറന്നടിച്ചു.

ഇക്കാര്യത്തിൽ അതൃപ്തി യു.ഡി.എഫ് നേതാക്കളെ അറിയിട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും കാപ്പൻ അഭിപ്രായപ്പെട്ടു. സതീശൻ നല്ല നേതാവാണ്, ഇക്കാര്യത്തിൽ തനിക്ക് അഭിപ്രായഭിന്നത ഇല്ല. മികച്ച പ്രവർത്തനമാണ് സതീശൻ നിയമസഭയിൽ കാഴ്ചവെക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യു.ഡി.എഫ് നേതാക്കൾ മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ മുട്ടിൽ സന്ദർശിച്ചപ്പോൾ തന്നെ വിളിച്ചില്ലെന്നും കാപ്പൻ പറഞ്ഞു. എൻ.സി.കെ എന്ന പാർട്ടിയുടെ പേര് മാറ്റും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാത്തതിനാലാണ് അങ്ങനെയൊരു തീരുമാനം. പകരം രണ്ട് പുതിയ പേരുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.