പത്തനംതിട്ട: നിക്ഷേപകരുടെ കോടികൾ തട്ടിയെടുത്ത് മുങ്ങിയ ശേഷം പൊലീസിൽ കീഴടങ്ങിയ തറയിൽ ഫിനാൻസ് ഉടമ സജി സാമിനെ പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷം ഓമല്ലൂരിലെ വീട്ടിലും ബാങ്കിലും എത്തിച്ച് പൊലീസ് തെളിവെടുപ്പുനടത്തി. ആസ്തികളായി 4 സെന്റും അതിൽ വീടും രണ്ട് കാറുകളും മാത്രമാണുള്ളതെന്ന് പ്രതി പറഞ്ഞു. ഇയാളുടെ അക്കൗണ്ടുകൾ പരിശോധിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട സി.െഎ കെ.വി. ബിനീഷ് ലാൽ പറഞ്ഞു.
വീട്ടിൽ നിന്ന് കമ്പ്യൂട്ടർ, സ്ഥാപനത്തിന്റെ ലൈസൻസിന്റെ കോപ്പി,ചെക്ക്ബുക്ക്, പാസ് ബുക്ക് എന്നിവ കണ്ടെടുത്തു. ഓമല്ലൂരിലെ 20 സെന്റ് സ്ഥലം, പണംകിട്ടാനുള്ള അടൂർ, തിരുവല്ല സ്വദേശികൾ എഴുതി വാങ്ങിയതായി പറയുന്നു. ഓമല്ലൂർ തറയിൽ ഫിനാൻസ് കെട്ടിടം സഹോദരങ്ങളുടെ പേരിലാണ്.
നിക്ഷേപകരുടെ പണം എങ്ങനെപോയി എന്നത് സംബന്ധിച്ച് സജി സാം വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ഓമല്ലൂരിലെ പെട്രോൾ പമ്പ് ലൈസൻസ് ഭാര്യയുടെ പേരിലാണ്. പമ്പ് സഹോദരന്റെ പേരിലുമാണ്. പ്രതിസന്ധി ആയപ്പോൾ 40 സെന്റ് സ്ഥലവും മൂന്ന് ആഡംബരകാറുകളും നിക്ഷേപകർ കൊണ്ടുപോയി. പെട്രോൾ പമ്പിന് 80 ലക്ഷം കട ബാദ്ധ്യതയുമുണ്ട് .
പണം ഇല്ലാതെ വന്നപ്പോഴാണ് ഒളിവിൽ പോയത്. ഓമല്ലൂരിൽ രഹസ്യമായി കഴിയുകയായിരുന്നെന്നാണ് സജി പറയുന്നത്. തട്ടിപ്പിന്റെ വ്യാപ്തി 100 കോടി കവിഞ്ഞേക്കുമെന്നാണ് സൂചന. പത്തനംതിട്ട, അടൂർ, പത്തനാപുരം സ്റ്റേഷനുകളിലായി കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയ്ക്ക് പുറമെ ഓമല്ലൂർ ,അടൂർ, പത്തനാപുരം എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ ഉണ്ടായിരുന്നു. കൊവിഡും തുടർന്നുള്ള ലോക്ക്ഡൗണുമാണ് തറയിൽ ഫിനാൻസിന്റെ സാമ്പത്തിക അടിത്തറ തകർത്തത്. തകർന്ന പോപ്പുലർ ഫിനാൻസിലും നിക്ഷേപങ്ങളുണ്ടായിരുന്നു. നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ വന്നപ്പോൾ പണം കൊടുക്കാൻ കഴിയാതെവന്നു. അവധി പറഞ്ഞ് ഒഴിയുകയായിരുന്നു. തുടർന്നാണ് നിക്ഷേപകർ പൊലീസിന് പരാതി നൽകിയത്.