kk

ഒരു നാടകം കേരള രാഷ്ട്രീയചരിത്രത്തിൽ വിവാദം സൃഷ്ടിച്ച് വർഷമായിരുന്നു 1994. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലം. നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുവന്ന സമയത്താണ് എസ്. രമേശൻ നായർ രചന നി‌ർവഹിച്ച 'ശതാഭിഷേകം' എന്ന നാടകം ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത്. അന്ന് ആകാശവാണി’യുടെ തിരുവനന്തപുരം നിലയത്തിലായിരുന്നു രമേശൻ നായർ. തറവാട്ടിലെ കസേരയൊഴിഞ്ഞുകൊടുക്കാത്ത കിട്ടുമ്മാവനും മാനസിക വളര്‍ച്ച പൂര്‍ത്തിയാകാത്ത മകന്‍ കിങ്ങിണിക്കുട്ടനും കഥാപാത്രങ്ങളായാണ് ശതാഭിഷേകം പ്രക്ഷേപണം ചെയ്തത്. അന്നത്തെ കാലിക രാഷ്ട്രീയത്തിലെ ചിലരുടെ പ്രതിബിംബങ്ങളായി കഥാപാത്രങ്ങളെ കണ്ടതോടെ നാടകം വിവാദമായി. ഒടുവില്‍ കവിക്ക് ശിക്ഷ, ആൻഡമാനിലെ റേഡിയോ നിലയത്തിലേക്കു നാടുകടത്തല്‍. തുടര്‍ന്ന് ജോലി രാജിവയ്ക്കുമ്പോള്‍ രമേശന്‍ നായര്‍ പ്രോഗ്രാം പ്രൊഡ്യൂസിംഗ് വിഭാഗത്തില്‍ തലവനായിരുന്നു, 12 വര്‍ഷം സര്‍വീസ് ശേഷിക്കുന്നുണ്ടായിരുന്നു.

”എനിക്കെതിരേയുള്ള നടപടി അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു. നാടകം ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അതിന് അക്കാലത്തു മാത്രമല്ലായിരുന്നു പ്രസക്തി. ശതാഭിഷേകം സര്‍വകാല പ്രസക്തിയുള്ളതാണെന്ന് രമേശൻ നായർ പിന്നീട് പറഞ്ഞിരുന്നു.

പിൽക്കാലത്ത് ശ്രീഗുരുവായൂരപ്പന്റെ സന്നിധിയില്‍ വെച്ച് അദ്ദേഹത്തിന്റെ ഭക്തരായ കരുണാകരനും രമേശന്‍ നായരും പിന്നീട് ഉത്തമസുഹൃത്തുക്കളായി മാറി എന്നതും മറ്റൊരു യാഥാർത്ഥ്യം. രമേശന്‍ നായര്‍ രചിച്ച കൃഷ്ണഭക്തി ഗാനങ്ങള്‍ കരുണാകരന് ഏറെ പ്രിയങ്കരമായിരുന്നത്രെ.