k-sudhakaran

തിരുവനന്തപുരം: ബ്രണ്ണൻ കോളജ്​ പഠനകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തമ്മിൽ​ നടന്നു എന്ന്​ പറയുന്ന സംഘട്ടനത്തെക്കുറിച്ച്​ തനിക്ക് ഒന്നുമറിയില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ ​മമ്പറം ദിവാകരൻ. തന്റെ അറിവിൽ അങ്ങനെ ഒരു സംഭവം ഉണ്ടാകുകയോ അങ്ങനെയൊന്ന് കേൾക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

സുധാകരനും താനും ഒന്നിച്ച് പഠിച്ചതാണ്. ഞങ്ങളുടെ സീനിയറായിരുന്നു പിണറായി. അന്ന്​ കോൺഗ്രസിൽ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. താന്‍ ഇന്ദിരാപക്ഷത്തും സുധാകരന്‍ സിന്‍ഡിക്കേറ്റ് പക്ഷത്തുമായിരുന്നു. സി.എച്ച്. മുഹമ്മദ് കോയയെ തടഞ്ഞുനിര്‍ത്തിയതുമുതലുള്ള സംഭവം അറിയാം. പിണറായി വിജയനോട് അന്നും ഇന്നും രാഷ്ട്രീയ ശത്രുതയുണ്ട്. 1973 മുതല്‍ 84 വരെയുള്ള കാലയളവില്‍ സി.പി.എമ്മുമായിട്ടാണ് താന്‍ നേരിട്ട് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന്​ സുധാകരൻ പറയുന്ന സംഭവത്തെക്കുറിച്ച്​ ബ്രണ്ണനിലെ പഠനകാലത്ത്​ ആരും പറഞ്ഞുകേട്ടിട്ടില്ല. തന്റെയും എ.കെ. ബാലന്റെയും കാലത്ത് നിരവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്.​ ബാലനായിരുന്നു അന്ന്​ ഇടത് വിദ്യാർത്ഥി സംഘടനയുടെ നേതാവ്​. മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടുവെന്ന​ പിണറായി വിജയന്റെ വെളിപ്പെടുത്തൽ പുതിയ അറിവാണെന്നും അതേക്കുറിച്ച്​ ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ വ്യക്തമാക്കി.