ഗ്ലാസ്‌ഗൗ : യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന ക്രൊയേഷ്യ - ചെക്ക് റിപ്പബ്ലിക്ക് മത്സരം ഓരോ ഗോൾ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
37-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പാട്രിക് ഷിക്കാണ് ചെക്ക് ടീമിനെ മുന്നിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ ഷിക്കിന്റെ മൂന്നാം ഗോളായിരുന്നു ഇത്. 33-ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ ബോക്‌സില്‍ വെച്ച് ഡെയാന്‍ ലോവ്രെന്‍ ചെക്ക് താരം പാട്രിക് ഷിക്കിന്റെ മുഖത്തിടിച്ചതിനായിരുന്നു പെനാല്‍റ്റി.
വാര്‍ പരിശോധിച്ചാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ലോവ്രെന് മഞ്ഞക്കാര്‍ഡും കിട്ടി.
ക്രൊയേഷ്യ 47-ാം മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി. ആന്ദ്രേ ക്രാമറിച്ച് പെട്ടെന്നെടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ക്രാമറിച്ചിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ഇവാന്‍ പെരിസിച്ച് പന്ത് വലയിലെത്തിച്ചു.സമനിലയോടെ ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തി
അതേസമയം ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡൻ പ്രീ-ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിറുത്തി.
77-ാം മിനിട്ടിൽ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എമില്‍ ഫോര്‍സ്ബര്‍ഗാണ് സ്വീഡനായി ഗോൾ നേടിയത്.