rahul

കോൺഗ്രസ് മുൻ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയ്‌ക്ക് ഇന്ന് 51 വയസ് തികയുകയാണ്. പാ‌ർട്ടിയുടെ ഉയർച്ച താഴ്‌ചകളും പാർട്ടിക്കുള‌ളിലെ നാടകീയതകളും കണ്ടും ഔദ്യോഗികമായി അവ പരിചരിച്ചും കോൺഗ്രസ് പാർട്ടിക്കൊപ്പം രാഹുൽ ചേ‌ർന്നിട്ട് 18 വർഷത്തോളമാകുന്നു. കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ ഏ‌റ്റവും വലിയ പ്രതിസന്ധിയെ നേരിട്ട് മുന്നോട്ട് പോകുമ്പോൾ ഇപ്പോഴും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും രാജ്യത്തെ തീവ്രമായി ഗ്രസിച്ച കൊവിഡ് മഹാമാരിക്കെതിരെ സർക്കാരിനെയും ജനങ്ങളെയും ബോധവാന്മാരാക്കി സജീവമാണ് രാഹുൽ.

തീവ്ര കൊവിഡ് വ്യാപനം രാജ്യത്തുള‌ളപ്പോൾ തനിക്ക് പിറന്നാളാഘോഷം വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി ഇത്തവണ. പകരം രാജ്യമാകെ കോൺഗ്രസ് സേവനദിനമായി ആചരിക്കും. പാർട്ടിയിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കരുക്കൾ നീക്കിയും യു.പിയും പഞ്ചാബും ഉൾപ്പടെ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്‌നപരിഹാരത്തിന് കൂടിയാലോചനകൾ നടത്തിയും ഇന്നും കർമ്മനിരതനാണ് രാഹുൽ.

1970ൽ ജൂൺ 19ന് അന്ന് എയർ ഇന്ത്യയിൽ പൈലറ്റായിരുന്ന രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മകനായി രാഹുൽ ഗാന്ധി ജനിച്ചു. മുത്തശ്ശി ഇന്ദിരാ ഗാന്ധി അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യൻ രാഷ്‌ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ വിവിധ സംഭവങ്ങളുടെ സാക്ഷിയായാണ് രാഹുൽ വള‌ർന്നത്.

ഡൽഹിയിലെ സെന്റ്. കൊളംബ സ്‌കൂളിലാണ് രാഹുൽ പഠനമാരംഭിച്ചത്. പിന്നീട് ഡെറാഡൂണിലെ ഡൂൺ സ്‌കൂളിലേക്ക് മാറി പഠനം തുടർന്നു. എന്നാൽ 1984ലെ ഇന്ദിരാ ഗാന്ധി വധം രാഹുലിന്റെ സാധാരണ പോലുള‌ള സ്‌കൂൾ കാലത്തിന് വിരാമമിട്ടു. സുരക്ഷാ കാരണങ്ങളാൽ വീട്ടിൽ തന്നെയുള‌ള പഠനമാണ് 1989 വരെ നടന്നത്. 1989ൽ ഡൽഹി സെന്റ്. സ്‌റ്റീഫൻസ് കോളേജിൽ ചരിത്രത്തിൽ ബിരുദത്തിന് ചേർന്നു. അടുത്ത വ‌ർഷം അമേരിക്കയിൽ ഹാർവാർഡ് സർവകലാശാലയിൽ ചേർന്നു. എന്നാൽ 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ വീണ്ടും പഠനത്തിൽ പ്രശ്‌നമുണ്ടായി. പിന്നീട് 1994ൽ മറ്റൊരു കോളേജിൽ നിന്ന് ബിരുദം നേടി. കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്ന് എംഫിലും നേടി.

പിന്നീട് 1995 മുതൽ 2004 വരെ വിവിധ സ്ഥാപനങ്ങളിൽ രാഹുൽ ജോലിനോക്കി. ലണ്ടൻ ആസ്ഥാനമായ മോണിറ്റർ ഗ്രൂപ്പിൽ മൂന്ന് വർഷം, 2002 വരെ മുംബയിലും.നെഹ്‌റു കുടുംബാംഗമായ രാഹുലിന് രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയുമായിരുന്നില്ല. 2003ൽ വ്യക്തമായ പദ്ധതിയോടെ 2004ൽ യു.പിയിലെ അമേഠിയിൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 തിരഞ്ഞെടുപ്പ് വരെ അവിടെ വിജയം തുട‌ർന്നു. 2019ൽ അമേഠി പിടിവിട്ടപ്പോൾ വയനാട്ടിൽ വിജയിച്ച് കയറി.

2012ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് ഒരുകൂട്ടം മുതിർന്ന കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ അമ്മയും കോൺഗ്രസ് പ്രസിഡന്റുമായ സോണിയ ഗാന്ധി ആ ആവശ്യം തള‌ളി. 2014ൽ തിരഞ്ഞെടുപ്പിൽ യുപിഎ അതിന്റെ തകർച്ച നേരിട്ടു. ഒപ്പം കോൺഗ്രസും. കേവലം 44 സീ‌റ്റുകളിൽ മാത്രമാണ് രാജ്യത്തൊട്ടാകെ കോൺഗ്രസിന് ജയിക്കാനായത്. തുട‌ർന്ന് 2017ൽ കോൺഗ്രസ് അദ്ധ്യക്ഷനായ രാഹുൽ പക്ഷെ 2019ലും പാർട്ടിയെ അധികാരത്തിലെത്തിക്കാൻ കഴിയാതെ വന്നതോടെ അദ്ധ്യക്ഷ പദവി ഒഴിഞ്ഞു. അന്നുമുതൽ അമ്മ സോണിയാ ഗാന്ധി കോൺഗ്രസിന്റെ താൽക്കാലിക അദ്ധ്യക്ഷയാണ്. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും രാജ്യത്തെ കോൺഗ്രസ് നേതൃത്വത്തിലെ ശക്തികേന്ദ്രമായി രാഹുൽ തുടരുക തന്നെയാണ്.