covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാൻ സാധിക്കില്ലെന്നും, ആറ്- എട്ട് ആഴ്ചകൾക്കകം ഇത് ബാധിച്ചേക്കാമെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗുലേരിയ. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളോടു കൂടിയ അൺലോക്കിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തൽ.

അൺലോക്ക് പ്രക്രിയ ആരംഭിച്ചതോടെ കൊവിഡ് സാഹചര്യം കണക്കിലെടുത്തുള്ള പെരുമാറ്റമല്ല ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒന്നും രണ്ടും തരംഗങ്ങളിൽ നിന്ന് അവർ പഠിച്ചതായി തോന്നുന്നില്ല. ആളുകൾ ഒത്തുകൂടുന്നു. മൂന്നാം തരംഗം ഒഴിവാക്കാനാകില്ല. അടുത്ത ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ഇത് രാജ്യത്തെ ബാധിച്ചേക്കാം.അല്ലെങ്കിൽ കുറച്ച് നീളാം.-ഡോ. ഗുലേരിയ പറഞ്ഞു.


ആൾക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങളുടെ ഗതിയെന്നും എയിംസ് മേധാവി വ്യക്തമാക്കി. വാക്സിനേഷനാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.ഒരു ദേശീയ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

രാജ്യത്ത് ഇതുവരെ ജനസംഖ്യയുടെ ഏകദേശം അഞ്ച് ശതമാനം മാത്രമേ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂ. ഈ വർഷം അവസാനത്തോടെ 108 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.