sivadas
Sivadas

മാള: പാട്ടെഴുത്ത്, ഡോക്യുമെന്ററി, ഹ്രസ്വചിത്രത്തിന്റെ കഥയും തിരക്കഥയും നിർമ്മാണം, നാടകരചന, സംവിധാനം. 11 വായനശാലയിൽ അംഗത്വം. ഇതൊക്കെയാണ് ഈ ഇക്‌ണോമിക്‌സ് ബിരുദധാരിയായ 45 കാരൻ എം.കെ. ശിവദാസ്. ഭാഷയുടെ അതിർ വരമ്പുകളില്ലാത്ത ലോകോത്തര എഴുത്തുകാരുടെ പ്രധാന പുസ്തകങ്ങളുടെ വായനക്കാരനാണ് മാളയ്ക്കടുത്തുള്ള അന്നമനടയിൽ താമസിക്കുന്നു. പത്തനംതിട്ട മല്ലപ്പിള്ളി മുറിഞ്ഞകല്ല് വീട്ടിൽ എം.കെ.ശിവദാസ് 17 വർഷമായി മാളയ്ക്കടുത്ത് അന്നമനടയിലാണ് താമസം. അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി ഇന്ദിര ഭാര്യയാണ്. മക്കളായ ഭാനുപ്രകാശ്, ശ്യാമപ്രസാദ് എന്നിവർ പാലിശേരി എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

മല്ലപ്പിള്ളിയിൽ പ്രകാശ് ബാലജന സഖ്യം റീഡിങ് റൂമിൽ പതിനാറാം വയസിലാണ് ആദ്യമായി അംഗത്വം എടുക്കുന്നത്. തുടർന്ന് നെടുംകുന്നം ഗാന്ധി സ്മാരക വായനശാല, കറുകച്ചാൽ ഗ്രാമപഞ്ചായത്ത് വായനശാല, തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്ത് വായനശാല, പാറപ്പുറം വായനശാല, പൊഞ്ഞനം സമഭാവന വായനശാല, ഇരിഞ്ഞാലക്കുട വായനശാല, അന്നമനട പഞ്ചായത്ത് വായനശാല, വനിതാ സംഘം വായനശാല, കുഴൂർ ഗ്രാമീണ വായനശാല തുടങ്ങിയവയിലെല്ലാം ശിവദാസിന് അംഗത്വമുണ്ട്.

വാർക്കപ്പണിക്കാരനായ ശിവദാസ് ദിവസങ്ങളോളം താമസിച്ച് ഓരോ സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോഴാണ് വായനശാലകളിൽ അംഗത്വം എടുക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കോട്ടയം പാമ്പാടി കുര്യാക്കോസ് ഗ്രിഗോറിയസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്ന 1996 ൽ കലാപ്രതിഭയായിട്ടുണ്ട്. കവിതാരചന, മിമിക്രി, ക്ലേ മോഡലിംഗ്, പെൻസിൽ ഡ്രോയിങ് ഇനങ്ങളിലാണ് ശിവദാസ് മികച്ച പ്രകടനം കാഴ്ചവെച്ചത്. പഠിക്കാൻ ദാരിദ്ര്യം അനുവദിക്കാതെ കൂലിപ്പണിക്കിറങ്ങി. ഇതിനകം അഞ്ച് ഓഡിയോ സിഡി കൾക്ക് പാട്ടെഴുതി.രണ്ട് ഡോക്യുമെന്ററികൾക്കും നാല് ഹ്രസ്വ ചിത്രങ്ങൾക്കും നിരവധി സ്‌കൂൾ നാടകങ്ങൾക്കും രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. ഇപ്പോൾ പ്രൊഫഷണൽ നാടക രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്.

അനിൽ മാളയുടെ തത്സമയം മാധവൻ എന്ന ആശ കമ്മ്യൂണിക്കേഷന്റെ നാടകത്തിന് ക്ളൈമാക്സ് എഴുതിയത് ശിവദാസ് ആണ്.

ദിവസവും രാത്രി നാലു മണിക്കൂറെങ്കിലും പുസ്തകം വായിച്ചിട്ടേ ശിവദാസ് ഉറങ്ങൂ. പതിനാറാം വയസിൽ മല്ലപ്പിള്ളിയിൽ പ്രകാശ് ബാലജന സഖ്യം റീഡിംഗ് റൂമിലാണ് ആദ്യം അംഗമായത്. പിന്നെ വാർക്കപ്പണിക്കെത്തി തങ്ങിയ ഭാഗത്തൊക്കെ വായനശാല തേടി ശിവദാസ് പോയി. സുമൻ ഭാരതി എന്നാണ് തൂലികാ നാമം.

വായനയിലെ ഇഷ്ടപ്പെട്ടവ:

മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയം, ഏകാന്തതയുടെ നൂറ് വർഷങ്ങൾ, സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ, ആശാൻ കവിതകൾ. താര ശങ്കർ ബാനർജിയുടെ ഇന്ത്യൻ ക്ലാസിക് ബംഗാളി നോവലിന്റെ പരിഭാഷയായ ആരോഗ്യ നികേതനം, കൊളംബിയൻ സാഹിത്യകാരൻ ഗെബ്രിയേൽ അഗാസിയ മാർക്കേസിന്റെ കോളറ കാലത്തെ പ്രണയം, ഏകാന്തതയുടെ നൂറ് വർഷങ്ങൾ, അഴീക്കോടിന്റെ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു, രമണനും മലയാള കവിതയും തുടങ്ങിയ പുസ്തകങ്ങൾ, സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങളും പുസ്തകങ്ങളും ശിവദാസിന് ഏറെ ഇഷ്ടമാണ്... അങ്ങനെ നൂറുകണക്കിനാണ്.

ദിനചര്യ:

രാവിലെ നാലിന് ഉണർന്ന് പ്രഭാത കൃത്യങ്ങൾക്ക് ശേഷം ലളിതാ സഹസ്രനാമം ചൊല്ലും. പിന്നെ പത്രവായന. വൈകിട്ട് പണി കഴിഞ്ഞ് വരും വഴി വായനശാലയിൽ കയറും. രാത്രി 8 മുതൽ വായന. ഇത് 12 വരെ നീളും. രസംപിടിച്ച് വെളുക്കുവോളം നീണ്ടെന്നും വരും.

കമന്റ്: 'എഴുത്തിലും വായനയിലും കിട്ടുന്ന ഒരു സുഖം വേറൊന്നിനും ഇല്ല. ഇതിലും വലിയ സംതൃപ്തിയും കലാകാരനായി ജീവിക്കാനുള്ള ആഗ്രഹവും കാരണം സർക്കാർ ജോലിക്ക് ശ്രമിച്ചില്ല. പ്രളയത്തിൽ കുറെയേറെ പുസ്തകങ്ങൾ വെള്ളം കയറി നശിച്ചതാണ് ഏറ്റവും വലിയ നഷ്ടമായി കരുതുന്നത്'..എം.കെ.ശിവദാസ്..