ന്യൂഡൽഹി: കൊവിഡ് സാഹചര്യം കാരണം മാസ്ക്കും സാമൂഹിക അകലവും പതിവാക്കിയെങ്കിലും ഇവ കുഞ്ഞുങ്ങളിൽ മറ്റ് രോഗങ്ങളോടുള്ള പ്രതിരോധശേഷി കുറയാൻ കാരണമായേക്കുമെന്ന് ഇംഗ്ളണ്ടിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ 15 മാസമായി കുട്ടികൾക്ക് സാധാരണ പനി പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്ന വൈറസുകളുമായി യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ അവരിൽ ഈ വൈറസുകൾക്കെതിരെയുള്ള പ്രതിരോധശേഷി രൂപപ്പെടാനുളള സാദ്ധ്യത കുറവാണെന്ന് പഠനത്തിൽ പറയുന്നു.
കുട്ടികളുടെ ശ്വാസകോശത്തെ ബാധിക്കുന്ന റെസ്പിറേറ്ററി സൈൻസിഷ്യൽ വൈറസ് (ആർ എസ് വി) എന്ന രോഗം കൊവിഡിനു ശേഷമുള്ള കാലയളവിൽ പടർന്നു പിടിക്കാനുളള സാഹചര്യം ആരോഗ്യ പ്രവർത്തകർ മുൻകൂട്ടി കാണുന്നുണ്ട്. വാക്സിൻ ഒന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗം ചിലപ്പോൾ മരണത്തിന് വരെ കാരണമായേക്കാം. ഡോക്ടർമാരുടെ അഭിപ്രായത്തിൽ കൊവിഡിന് മുമ്പ് ഏറ്റവും കൂടുതൽ കുട്ടികളിൽ കണ്ടുവന്നിരുന്ന ഒരു രോഗമായിരുന്നു ഇത്. എന്നാൽ കൊവിഡ് വന്നതോടു കൂടി കുട്ടികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ആയപ്പോൾ അവർക്ക് ഈ രോഗാണുവുമായുള്ള സമ്പർക്കം നഷ്ടമായി. അതിനാൽ തന്നെ ഈ രോഗം ഇപ്പോൾ അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. എന്നാൽ കൊവിഡിനു ശേഷം കുട്ടികൾ പുറത്തിറങ്ങി തുടങ്ങുമ്പോൾ ഇവ വീണ്ടും മടങ്ങി വരാൻ സാദ്ധ്യതയുണ്ട്. കുഞ്ഞുങ്ങളുടെ ശരീരത്തിൽ നിലവിൽ പ്രതിരോധ ശേഷി വളരെ കുറവായതിനാൽ എത്ര കടുത്ത അവസ്ഥയിലാകും ഇത് വരിക എന്ന് പറയാനാകില്ല. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലാണ് സാധാരണ ഈ രോഗം കാണപ്പെടുന്നത്.