police

മുസാഫർപൂ‌ർ: വിമുക്തഭടന്റ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസുകാർ അൻപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പങ്കുള‌ള 18 പൊലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം.

പ്രദേശത്ത് മദ്യനിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും മദ്യ വിൽപന നടക്കുന്നുണ്ടെന്നറിഞ്ഞ് വീടുകളിൽ പരിശോധനയ്‌ക്കെത്തിയതായിരുന്നു കർജ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ. വിമുക്തഭടനായ റസൂൽപൂർ സ്വദേശി ഹരിദ്വാർ പ്രസാദിന്റെ വീട്ടിലും പൊലീസെത്തി. പരിശോധനയ്‌ക്ക് വാറണ്ടുണ്ടോ എന്ന ഹരിദ്വാർ പ്രസാദിന്റെ ചോദ്യം പൊലീസിന് ഇഷ്‌ടമായില്ല. അവർ ഹരിദ്വാറിനെ മർദ്ദിച്ചു. തടയാനെത്തിയ മകനെയും ക്രൂരമായി മ‌ർദ്ദിച്ചു.

ഇതിനിടെ പരിശോധന നടത്തി സ്ഥലവിൽപന വഴി ഹരിദ്വാർ പ്രസാദിന് ലഭിച്ച 49 ലക്ഷം രൂപയും മൂന്ന് ല‌ക്ഷം രൂപയുടെ സ്വർണാഭരണങ്ങളും തട്ടിയെടുത്ത് പൊലീസ് സ്ഥലംവിട്ടു. സംഭവം വിവാദമായതോടെ പരിശോധനക്ക് നേതൃത്വം നൽകിയ കർജ സ്‌റ്റേഷൻ എസ്.ഐ ബ്രിജ് കിഷോറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഒപ്പം സംഘത്തിലുണ്ടായിരുന്ന 18 പൊലീസുകാർക്കെതിരെയാണ് എഫ്‌ഐ‌ആറിട്ട് കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. മുസാഫർപൂർ അഡി.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേ‌റ്റ് നയൻകുമാറിന്റെതാണ് ഉത്തരവ്.