a-k-balan

കൊച്ചി: സുധാകരന്‍ പറഞ്ഞത് പോലെ 1971ല്‍ അല്ല താന്‍ ബ്രണ്ണനിലെത്തിയതെന്നും 69ല്‍ തന്നെയാണെന്നും മുൻ മന്ത്രിയും സി പി എം നേതാവുമായ എ കെ ബാലൻ. വീണിടത്ത് നിന്ന് സുധാകരന്‍ ഉരുളരുത്. മാദ്ധ്യമപ്രവർത്തകർക്ക് നേരെ പഴിചാരരുത്. പച്ചനുണ പറയാന്‍ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് കെ സുധാകരന്‍റെ പ്രതികരണമെന്നും എ കെ ബാലൻ പറഞ്ഞു.

1971ലാണ് മമ്പറം ദിവാകരന്‍ വന്നത് എന്നത് ശരിയാണ്. എന്നാല്‍, 1968-69-70 കാലത്താണ് താന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത്. ആ സമയത്താണ് സി എച്ച് മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നതും. അത് പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നിന്നയാളാണ് താന്‍. അത് അന്ന് ബ്രണ്ണന്‍ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമറിയാമായിരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു.

1969-70 കാലത്താണ് പിണറായി വിജയന്‍ കോളേജിലേക്ക് വരുന്നത്. ഇംഗ്ലീഷ് ലെക്‌ചറായ ടി വി ബാലന്‍ മാഷിന്‍റെ ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പോകുന്ന സമയത്താണ് താനും കൂടെയുള്ള സംഘടനാ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടത്. ആ വിവരമറിഞ്ഞിട്ടാണ് പിണറായി വരുന്നതെന്നും എ കെ ബാലൻ പ്രതികരിച്ചു.